
ഭോപ്പാൽ: കഠിനമായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സിടി സ്കാൻ ചെയ്ത യുവതി ഞെട്ടിപ്പോയി. വയറ്റിനുള്ളിൽ കണ്ടെത്തിയത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ്. മധ്യപ്രദേശിലെ ഭിന്ദിൽ നിന്നാണ് ഡോക്ടർമാരുടെ അശ്രദ്ധയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നത്.
തുടർച്ചയായ വയറുവേദനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് കമല ബായ് എന്ന 44കാരി സ്കാൻ ചെയ്തത്. അപ്പോഴാണ് കത്രിക കണ്ടെത്തിയത്. വയറ്റിൽ ലോഹവസ്തുവാണ് ആദ്യം കണ്ടതെന്നും പിന്നീടത് കത്രികയാണെന്ന് തെളിഞ്ഞതായും സ്കാൻ ചെയ്ത സതീഷ് ശർമ പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ കമലയ്ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. അന്നു മുതൽ നിരന്തരം വയറുവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെയാണ് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അബദ്ധത്തിൽ കത്രിക വയറിനുള്ളിൽ മറന്നതാണെന്നാണ് സംശയം.
ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കമല ബായിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. സ്കാനിങ് സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത അധികാരികൾക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam