
ഹൈദരാബാദ്: പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്ന് സൂചന നല്‍കി തെലുങ്കുദേശം പാര്‍ട്ടിയിലെ ഒരു എംപികൂടി രംഗത്ത്. കെസിനേനി ശ്രീനിവാസ് നാനിയാണ് ചന്ദ്രബാബു നായിഡുവിനോട് കയര്‍ത്ത് രംഗത്തെത്തിയത്. 'നിങ്ങളുടെ വളര്‍ത്തുനായയെ നിലക്ക് നിര്‍ത്തൂ...' എന്നാണ് വിജയവാഡ എംപിയുടെ ട്വീറ്റ്.
''ചന്ദ്രബാബു നായിഡു സര്‍, നിങ്ങള്‍ക്ക് എന്നെപ്പോലുള്ളവരെ പാര്‍ട്ടിയില്‍ വേണ്ടെന്നാണെങ്കില്‍ ഞാന്‍ പാര്‍ലമെന്‍റ് അംഗത്വവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കാം. അല്ലാ, എന്നെപ്പോലുള്ളവരെ വേണമെന്നുണ്ടെങ്കില്‍ താങ്കളുടെ വളര്‍ത്തുനായയെ നിയന്ത്രിക്കണം'' - കെസിനേനി ശ്രിനിവാസ് ട്വീറ്റ് ചെയ്തു.
ദിവസങ്ങള്‍ക്കുള്ളില്‍ നാല് രാജ്യസഭാംഗങ്ങളാണ് ടിഡിപിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ കെസിനേനിയുടെ സന്ദേശം ടിഡിപിക്ക് തലവേദനയാവുകയാണ്. ടിഡിപിയുടെ നിയമസഭാംഗം ബുദ്ധ പ്രസാദ് വെങ്കണ്ണയ്ക്കെതിരെയാണ് കെസിനേനിയുടെ പ്രസ്താവന. നായിഡുവുമായി വളരെ അടുപ്പമുള്ളയാളാണ് ബുദ്ധ പ്രസാദ് വെങ്കണ്ണ. കഴിഞ്ഞ ഒരാഴ്ച മുമ്പ് ഇരുവരും തമ്മില്‍ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയിരുന്നു.
ഇരുവരും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നാല് വാക്ക് പറയാന്‍ വയ്യാത്തവര്‍ പോലും ഇപ്പോള്‍ ട്വീറ്റ് ചെയ്യുന്നുവെന്നാണ് കെസിനേനി, വെങ്കണ്ണയെ പരിഹസിച്ചത്. എങ്ങനെയാണ് കെസിനേനി ഒരൊറ്റ നമ്പര്‍പ്ലേറ്റ് എല്ലാവാഹനങ്ങള്‍ക്കും ഉപയോഗിക്കുന്നതെന്നും എങ്ങനെ മുന്‍ സ്പീക്കര്‍ ജിഎംസി ബാലയോഗിയുടെ സമ്പത്ത് കൈക്കലാക്കിയെന്നും എല്ലാവര്‍ക്കുമറിയാമെന്ന് വെങ്കണ്ണയും തിരിച്ചടിച്ചു. അതേസമയം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ കെസിനേനി നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam