
ദില്ലി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. 'രാഷ്ട്രപത്നി' പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ലോക‍്‍സഭ പ്രതിപക്ഷ നേതാവിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു.
അതേസമയം അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന കോൺഗ്രസിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിച്ചതിന് പിന്നാലെ, സോണിയാ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. പാർലമെന്റിൽ സ്മൃതി ഇറാനിയോട് സോണിയാ ഗാന്ധി തട്ടിക്കയറിയെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 'എന്നോട് മിണ്ടിപ്പോകരുതെന്ന്' സോണിയ പറഞ്ഞെന്ന് നിർമല സീതാരാമൻ പറഞ്ഞു. സോണിയാ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞെന്നാണ് സോണിയ പറയുന്നത്. എന്നാൽമാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് അധിർ രഞ്ജന്റെ നിലപാടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.ഇതിന് പിന്നാലെ സോണിയാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂയെന്നും അധിർ രഞ്ജൻ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam