തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിവാദം തുടരുന്നു;കമ്മീഷണര്‍മാരില്‍ ഒരാള്‍ രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published May 7, 2021, 7:09 PM IST
Highlights

മാധ്യമങ്ങളെ വിലക്കണമെന്ന കമ്മീഷന്‍ നിലപാടില്‍ വിയോജിപ്പ് അറിയിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് രാജി സന്നദ്ധത അറിയിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പാനലിലെ അഭിഭാഷകന്‍ രാജിവെച്ചു. 


ദില്ലി: വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാള്‍ രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്.  മാധ്യമങ്ങളെ വിലക്കണമെന്ന കമ്മീഷന്‍ നിലപാടില്‍ വിയോജിപ്പ് അറിയിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് രാജി സന്നദ്ധത അറിയിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പാനലിലെ അഭിഭാഷകന്‍ രാജിവെച്ചു. 

മദ്രാസ് ഹൈക്കോടതിയിലെ മാധ്യമവിലക്കുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ സങ്കീർണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മദ്രാസ് ഹൈക്കോടതിയിലേയും  സുപ്രീംകോടതിയിലേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടുകളില്‍ കമ്മീഷണര്‍മാരില്‍ ഒരാള്‍ നേരത്തെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി നടത്തുന്ന പരാമർശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്നായിരുന്നു കമ്മീഷന്‍റെ ആവശ്യം. എന്നാല്‍ കമ്മീഷണര്‍മാരില്‍ ഒരാള്‍ക്ക്  ഈ നിലപാട് സ്വീകാര്യമായിരുന്നില്ല .  കമ്മീഷനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന പരാമര്‍ശത്തിനെതിരെ സുപ്രീംകോടതിയില്‍ സമീപിച്ചപ്പോഴും വിയോജിപ്പ് ഉണ്ടായി. തന്‍റെ വിയോജിപ്പ് പ്രത്യേക സത്യവാങ്മൂലമായി നല്‍കണമെന്ന് ആവശ്യപ്പെട്ടങ്കിലും പരിഗണിക്കപ്പെട്ടില്ല. മദ്രാസ് ഹൈക്കോടതി താല്‍പ്പര്യപ്പെടുന്നെങ്കില്‍ ശിക്ഷ ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്നാണ്സമർപ്പിക്കാൻ കഴിയാതെ പോയ സത്യവാങ് മൂലത്തില്‍  തെരഞ്ഞെടുപ്പ് കമ്മീഷണര്‍  പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തികളെ ശിക്ഷിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന സ്ഥാപനത്തെ ശിക്ഷിക്കരുത്. കോടതി പരാമര്‍ശം പിന്‍വലിക്കുന്നില്ലെങ്കില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷര്‍മാരില്‍ വിയോജിപ്പുള്ളയാള്‍ പറയുന്നു. 

സുനില്‍ അറോറ വിരമിച്ചതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ രണ്ട് പേര്‍ മാത്രമാണ് ഉള്ളത്.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറും. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുപ്രീംകോടതി പാനലിലെ അഭിഭാഷകൻ രാജിവച്ചത് നിലവിലെ വിവാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി  പകരുന്നതാണ്.  പാനൽ അംഗമായ മോഹിത് ഡി റാം ആണ് രാജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ തന്‍റെ നിലപാടുമായി യോജിച്ച് പോകുന്നതല്ലെന്ന് മോഹിത് രാജിക്കത്തില്‍ വ്യക്തമാക്കി. 2013 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് പ്രവർത്തിക്കുകയായിരുന്നു  മോഹിത് റാം. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!