ഗുജറാത്തിലും സ്പ്രിംക്ലർ മോഡൽ ഡാറ്റ വിവാദം; കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് ഡോക്ടർ ടേക്കോൺ ആപ്പ്

By Web TeamFirst Published Apr 30, 2020, 2:36 PM IST
Highlights

കൊവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ഗുജറാത്ത് സര്‍ക്കാര്‍ ശേഖരിച്ചത് ഡോക്ടർ ടേക്കോൺ എന്ന ആപ്പ് വഴിയാണ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയുടെ ഭർത്താവിന്‍റെ ഉടമസ്ഥതയിലുള്ള ആർഗു സോഫ്റ്റെന്ന കമ്പനിയുടെ ഉത്പന്നമാണ് ഡോക്ടർ ടേക്കോൺ.


അഹമ്മദാബാദ്: ഗുജറാത്തിലും സ്പിംഗ്ലർ മോഡൽ ഡാറ്റ വിവാദം. കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‍വെയർ ഉപയോഗിച്ചെന്നാണ് ആരോപണം. സംസ്ഥാനത്തെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയുടെ ഭർത്താവ് രവി ഗോപാലന്‍റേതാണ് കമ്പനി. എന്നാല്‍ ഡാറ്റാ മറ്റാർക്കും നൽകില്ലെന്ന് സര്‍ക്കാരുമായി കരാറുണ്ടെന്ന് രവി ഗോപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ഗുജറാത്ത് സര്‍ക്കാര്‍ ശേഖരിച്ചത് ഡോക്ടർ ടേക്കോൺ എന്ന ആപ്പ് വഴിയാണ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയുടെ ഭർത്താവിന്‍റെ ഉടമസ്ഥതയിലുള്ള ആർഗു സോഫ്റ്റെന്ന കമ്പനിയുടെ ഉത്പന്നമാണ് ഡോക്ടർ ടേക്കോൺ. രണ്ട് വർഷമായി ആശാ വർക്കർമാർ വിവിധ വിവരങ്ങള്‍ ശേഖരിക്കാനായി ഉപയോഗിക്കുന്നതും ഇതേ ആപ്പാണ്. എന്നാൽ കൊവിഡ് കാലത്ത് പ്രത്യേക കരാറുണ്ടാക്കാതെ രോഗികളുടെ വിവരം ശേഖരിക്കുന്നത് വിവരചോർച്ചയ്ക്ക് കാരണമാകാമെന്ന് ചൂണ്ടിക്കാട്ടി ഹെൽത്ത് കമ്മീഷണർ ജെ പി ശിവഹേര സര്‍ക്കാരിനയച്ച കത്ത് പുറത്ത് വന്നതോടെയാണ് വിവാദമുയര്‍ന്നത്. 

അടിയന്തര ആവശ്യമായതിനാൽ സൗജന്യമായി കിട്ടിയ സോഫ്റ്റ‍വെയർ ഉപയോഗിച്ചെന്നായിരുന്നു ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയുടെ വിശദീകരണം. കത്ത് വരും മുൻപ് തന്നെ കേന്ദ്രസർക്കാര്‍ സോഫ്റ്റ്‍വെയറായ ആരോഗ്യ സേതുവിലേക്ക് മാറിയിരുന്നെന്നും ജയന്തി രവി വ്യക്തമാക്കി. ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥത സ‍ർക്കാരിനാണെന്നും ആരോഗ്യമേഖലയിൽ സാങ്കേതിക സഹായം നൽകാൻ രണ്ട് വർഷം മുൻപ് തന്നെ കരാറൊപ്പിട്ടിട്ടുണ്ടെന്നും കമ്പനി ഉടമയും ജയന്തി രവിയുടെ ഭര്‍ത്താവുമായ രവി ഗോപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഗുജറാത്തിലെ ഉദ്യോഗസ്ഥ ഭരണത്തിന് തെളിവാണിതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

click me!