റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'

Published : Feb 09, 2026, 10:16 PM IST
Foreign Secretary Vikram Misri (File Photo/ANI)

Synopsis

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഊർജ്ജ സുരക്ഷക്ക് കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ഉറപ്പാക്കേണ്ടതുണ്ട്. ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാനാകുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഓരോ സമയത്തെയും വിലയും ആഗോള സാഹചര്യവും നോക്കിയാവും ഇറക്കുമതി നിശ്ചയിക്കുക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ അറിയിച്ചതായുള്ള ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിലെ പരാമർശത്തിന് വിദേശകാര്യ സെക്രട്ടറി നേരിട്ട് മറുപടി നല്കിയില്ല.

അതേസമയം, റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ മൗനം തുടരുകയാണ്. യുഎസ് വ്യാപാര കരാർ ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, പക്ഷേ ഇതിനായി റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. യുഎസിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരല്ലെന്ന് മാത്രമാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. ഇന്ത്യ -അമേരിക്ക കരാർ പ്രകാരം, 50,000 കോടി ഡോളറിന്‍റെ (ഏകദേശം 45.28 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രസ്താവന. കരാറിൽ പ്രകടിപ്പിച്ചത് 'താല്പര്യം' എന്ന് സർക്കാർ വൃത്തങ്ങൾ. ഇത് വാങ്ങുമെന്ന് ഉറപ്പായി എഴുതി ചേർത്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വാദിക്കുന്നു.

ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. ഇതിനൊപ്പം തന്നെ ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നി‍ർത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലെന്നും, പാർലമെന്‍റിൽ വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉന്നയിക്കാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകി. 

അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയൻസും നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, താരിഫ് കുറയ്ക്കാനുള്ള ഉത്തരവിൽ രേഖപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പുതിയ റോയിറ്റേഴ്സ് റിപ്പോർട്ട് പുറത്തു വന്നത്. ഇന്ത്യ അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്‍റെ കരുത്തിന്‍റെ സൂചനയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ വിശേഷിപ്പിച്ചത്. എന്നാൽ, കരാറിൽ അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പുതിയ കരാർ നൽകുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ഏപ്രിൽ മാസം മുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയവും, റിലയൻസ് കമ്പനിയും നിര്‍ത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ എണ്ണ വാങ്ങുന്നതിനുള്ള കരാർ നേരത്തെ റഷ്യയ്ക്ക് നൽകിയിരുന്നു. എണ്ണകമ്പനികൾ റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി
രാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും, ബജറ്റിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക തുക വകയിരുത്തും