
കോട്ട: കൂട്ട ശിശുമരണത്തിനിടെ രാജസ്ഥാനിലെ കോട്ട ജെ കെ ലോണ്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിയെ സ്വീകരിക്കാന്‍ പരവതാനി വിരിച്ച നടപടി വിവാദത്തില്‍. നിരവധി തയ്യാറെടുപ്പുകളാണ് മന്ത്രി രഘു ശര്‍മ്മയെ സ്വീകരിക്കുന്നതിനായി ആശുപത്രിയില്‍ ഒരുക്കിയിരുന്നത്. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ മന്ത്രി വരുന്നതിന് തൊട്ടുമുമ്പ് പരവതാനി നീക്കം ചെയ്തു.
മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് ആശുപത്രി അധികൃതര്‍ നടത്തിയത്. ആശുപത്രിയിലെ കേടുപാടുകള്‍ വന്ന സ്ഥലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി. ഭിത്തികള്‍ വെള്ളപൂശുകയും ആശുപത്രി ഉപകരണങ്ങള്‍ യഥാരീതിയില്‍ ക്രമീകരിക്കുകയും ചെയ്തു. കുട്ടികളുടെ വാര്‍ഡിലെ തകരാറിലായ ഹീറ്ററുകളും ലൈറ്റുകളും മാറ്റി സ്ഥാപിച്ചു. ആറു ദിവസങ്ങളായി ആശുപത്രി പരിസരം വൃത്തിയാക്കിയിരുന്നെന്നും അലഞ്ഞു നടന്ന 50ഓളം തെരുവ് പന്നികളെ മാറ്റിയിരുന്നെന്നും കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വാസുദേവ് മലാവത് അറിയിച്ചു.
Read More: രാജസ്ഥാനിലെ ശിശുമരണം 107 ആയി: കേന്ദ്രം നിയോഗിച്ച വിദഗ്‌ധ സമിതി ആശുപത്രി സന്ദർശിക്കുന്നു
എന്നാല്‍ തനിക്ക് സ്വീകരണമൊരുക്കാനായി നടത്തിയ തയ്യാറെടുപ്പുകളെപ്പറ്റി മുമ്പ് അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും മന്ത്രി രഘു ശര്‍മ്മ പറഞ്ഞു. അതേസമയം ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുള്ളതിനേക്കാൾ കുറവാണ് ശിശു മരണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞതിനെതിരെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam