മകള്‍ മരിച്ചുകിടക്കെ പിതാവിനെ തല്ലിച്ചതച്ചു; തെലങ്കാനയില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍

By Web TeamFirst Published Feb 27, 2020, 7:14 PM IST
Highlights

മൃതദേഹം തിരിച്ച് ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ കുട്ടിയുടെ പിതാവ് വഴി മുടക്കുകയും മകള്‍ മരിച്ചതിന്‍റെ കാരണം അറിയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു...

ഹൈദരാബാദ്: കോളേജ് ഹോസ്റ്റലില്‍ ആത്മതഹ്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവിനെ നിലത്തിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തെലങ്കാനയിലാണ് സംഭവം.  പൊലീസ് കോണ്‍സ്റ്റബിള്‍ എന്‍ ശ്രീധറിനെയാണ് സസ്പെന്‍റ് ചെയ്തത്. ബുധനാഴ്ച നടന്ന സംഭവം ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ പുറംലോകത്തെത്തിയതോടെ ആളുകള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെയാണ് ശ്രീധറിനെ സസ്പെന്‍റ് ചെയ്തത്. 

ആംഡ് റിസര്‍വ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍(എആര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്) വച്ചാണ് മരിച്ച കുട്ടിയുടെ പിതാവ് ആക്രമിക്കപ്പെട്ടത്. നടപടി സസ്പെന്‍ഷനിലൊതുക്കിയതില്‍ പലരും തൃപ്തരല്ല, ഇത് ഒരു ശിക്ഷയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. 

16 കാരിയായ സന്ധ്യാ റാണിയാണ് വെളിമല ഗ്രാമത്തിലെ സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. കുട്ടിക്ക് ഒരാഴ്ചയായി പനിയുണ്ടെന്ന് പിതാവ് കോളേജിനെ അറിയിച്ചിട്ടും അവളെ ചികിത്സിക്കാനോ വീട്ടിലേക്ക് അയക്കാനോ കോളേജ് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതില്‍ കോളേജിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസെടുത്തു. 

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചെങ്കിലും ബലം പ്രയോഗിച്ച് ബന്ധുക്കള്‍ മൃതദേഹം അവിടെ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചു. പ്രതിഷേധത്തിനായി കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെയും സഹപാഠികളുടെയും തീരുമാനം. എന്നാല്‍ ഇത് പൊലീസ് തടഞ്ഞു.

മൃതദേഹം തിരിച്ച് ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ കുട്ടിയുടെ പിതാവ് വഴി മുടക്കുകയും മകള്‍ മരിച്ചതിന്‍റെ കാരണം അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥന്‍ പിതാവിനെ പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തത്. 

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. നീതി ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. കുട്ടിയുടെ കുടുംബത്തിന് കോളേജ് അധികൃതര്‍ 15 ലക്ഷം നഷ്ടപരിഹാരം നല്‍കാമെന്ന് പ്രഖ്യാപിച്ചു. പിന്നീട് മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ സംസ്കാരച്ചടങ്ങുകള്‍ നടത്തി. 

click me!