അലിഗഢ്: ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറമേ, അലിഗഢ് സർവകലാശാലയിലും വൻ സംഘർഷം. സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്.
സംഘർഷത്തെത്തുടർന്ന് സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ജാമിയ മിലിയ സർവകലാശാലയിൽ വൻ സംഘർഷത്തിലേക്ക് വഴി മാറിയിരുന്നു. അഞ്ച് ബസ്സുകൾ കത്തിക്കപ്പെട്ടു. ഒരു ബസ്സ് തകർത്തു. അഗ്നിശമനസേനയുടേതടക്കം ആറ് വാഹനങ്ങളും തീ വച്ചു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷവും ഏറ്റുമുട്ടലുമാണ് നടന്നത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് അഗ്നിശമനസേനാംഗങ്ങൾക്കും പരിക്കേറ്റു. പൊലീസ് സർവകലാശാലയ്ക്ക് അകത്തേക്ക് വെടിവച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു.
ജാമിയ മിലിയ സർവകലാശാലയുടെ അകത്ത് അനുവാദമില്ലാതെയാണ് പൊലീസ് കയറിയതെന്നും ലൈബ്രറിയുടെ അകത്ത് അടക്കം കയറി കണ്ണീർ വാതകം പ്രയോഗിച്ചെന്നും സർവകലാശാലാ ചീഫ് പ്രോക്ടർ ആരോപിച്ചു. പൊലീസ് അതിക്രമം അപലപനീയമാണെന്ന് സർവകലാശാല വിസിയും ആരോപിച്ചു.
ജാമിയ മിലിയക്ക് പിന്തുണയുമായാണ് അലിഗഢിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതിനിടെയാണ് പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam