കൊറോണ വൈറസ്; ഇന്ത്യക്കാരടക്കമുള്ളവരെ ഒഴിപ്പിക്കാൻ എല്ലാ സഹായവും ചെയ്യാമെന്ന് ചൈന

By Web TeamFirst Published Jan 30, 2020, 10:43 AM IST
Highlights

വുഹാനിലുള്ള ഇന്ത്യയിലേക്ക് മടങ്ങേണ്ട എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി സമ്മത പത്രം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാർക്ക് കൈമാറിയിട്ടുള്ളത്.

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആളുകളെ ഒഴിപ്പിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണെന്നും ചൈന അറിയിച്ചു. ഇന്ത്യയെക്കൂടാതെ അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും വിമാനം തയ്യാറാക്കി കാത്തിരിക്കുകയാണ്. 

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വേണ്ടി ചർച്ചകൾ നടക്കുകയാണ്. വുഹാനിലുള്ള ഇന്ത്യയിലേക്ക് മടങ്ങേണ്ട എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി സമ്മത പത്രം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാർക്ക് കൈമാറിയിട്ടുള്ളത്.

ഇന്ത്യയുടെ കണക്ക് പ്രകാരം 250ലേറെ ആളുകൾ ചൈനയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ മലയാളികളുമുണ്ട്. ഇവരിൽ നല്ല ഒരു പങ്കും വിദ്യാർത്ഥികളാണ്. ചൈനയിലേക്ക് പോകാൻ വേണ്ടി എയർഇന്ത്യ വിമാനം മുംബൈയിൽ സജ്ജമാക്കി വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകുവാൻ എപ്പോൾ കഴിയുമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. 

വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന ആദ്യം സമ്മതംമൂളിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാടില്‍ അയവുണ്ടായത്. പകര്‍ച്ചവ്യാധി മേഖലയില്‍  നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ചൂണ്ടികാട്ടിയാണ് ചൈന ആദ്യം തടസ്സം പറഞ്ഞത്.

ചൈനയിൽ കൊറൊണ വൈറസ് ബാധമൂലം 170 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്നലെ മാത്രം 38 പേർ മരിച്ചുവെന്നാണ് റിപ്പോ‍‌‌ർട്ട്. ആയിരം പേർക്ക് കൂടി പുതുതായി വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിന് പിന്നാലെ ടിബറ്റിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം ചൈനയിലെത്തും.

ചൈനയെ കൂടാതെ 20 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടിബറ്റിലാണ് ഏറ്റവും ഒടുവിലായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ജപ്പാൻ ചൈനയിൽ നിന്നൊഴിപ്പിച്ച 200 പേരിൽ 3 പേർക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തി. അമേരിക്ക ചൈനയിൽ നിന്നൊഴിപ്പിച്ച 200 പേരിൽ വൈറസ് ബാധ ഉണ്ടോയെന്നറിയാനുള്ള പരിശോധനകൾ തുടരുകയാണ്.

വുഹാനുൾപ്പെടെ 20 നഗരങ്ങളിൽ യാത്ര വിലക്ക് തുടരുകയാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇന്ന് തീരുമാനമെടുക്കും. വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതിനിടെ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക ഘടന ഇതിനായി ചൈന റഷ്യക്ക് കൈമാറിക്കഴിഞ്ഞു. 

click me!