കൊവിഡ് 19: കനത്ത ജാഗ്രതയിൽ രാജ്യം; 23 സാമ്പിളുകൾ പരിശോധനക്ക് അയച്ചു

By Web TeamFirst Published Mar 2, 2020, 4:44 PM IST
Highlights

കൊറോണ ബാധ സംശയിക്കുന്ന 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

ദില്ലി: രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കി. 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് കർശനമായി പരിശോധിക്കുന്നത്. അതേസസമയം ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ സിങ് ആവശ്യപ്പെട്ടു.

കൊറോണ ബാധ സംശയിക്കുന്ന 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പടെ നിരവധിപ്പേർ ഐസൊലേഷൻ വാർഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോൾ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. 

ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‍ലൻഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളിൽ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് കെ കെ ശൈലജ വ്യക്തമാക്കുന്നത്. 

click me!