കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക് പുറപ്പെട്ടു

By Web TeamFirst Published Feb 26, 2020, 6:51 PM IST
Highlights

രോഗബാധയെ നേരിടുന്നതിനാവശ്യമായ വൈദ്യസഹായം എത്തിക്കുകയാണ് ലക്ഷ്യം. ചൈനയുടെ ആവശ്യപ്രകാരമാണ് വിമാനം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ദില്ലി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കുന്ന വുഹാൻ നഗരത്തിലേക്കാണ് പ്രത്യേക വിമാനം പോയത്. രോഗബാധയെ നേരിടുന്നതിനാവശ്യമായ വൈദ്യസഹായം എത്തിക്കുകയാണ് ലക്ഷ്യം. ചൈനയുടെ ആവശ്യപ്രകാരമാണ് വിമാനം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലേക്കും അയൽ രാജ്യങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ഈ വിമാനത്തിൽ ദില്ലിയിലെത്തിക്കും. 120 പേരെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ഇവരെ കർശനമായി നിരീക്ഷിച്ച ശേഷമേ സ്വന്തം നാട്ടിലേക്ക് വിട്ടയക്കൂ. ചാവ്‌ലയിലെ ഐടിബിപി കേന്ദ്രത്തിലാണ് ഇവരെ നിരീക്ഷിക്കുക. നാളെയാണ് ഇവരെ ദില്ലിയിലെത്തിക്കുക.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് മാസ്കുകള്‍ കയറ്റി അയച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മാസ്കുകള്‍ക്ക് വന്‍ ക്ഷാമം. കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം വേണ്ടത്ര മാസ്കുകള്‍ എത്തുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ കേരള വിപണിയിലുണ്ടായിരുന്ന പകുതിയിലേറെ മാസ്കുകളും ചൈനയിലേക്ക് കയറ്റി അയച്ചതായി മൊത്ത വിതരണക്കാര്‍ പറയുന്നു.

കൊറോണ നിരീക്ഷണം തുടരുന്നതിനാല്‍ കേരളത്തിലെ ആശുപത്രികളിലെല്ലാം തന്നെ എന്‍ 95 മാസ്കുകള്‍ ആവശ്യമുണ്ട്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം മാസ്കുകള്‍ക്ക് ക്ഷാമമുണ്ട്. അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനാവശ്യമായ മാസ്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

click me!