ഐസിയുവില്‍നിന്ന് കൊവിഡ് രോഗിയെ കാണാതായി, എവിടെയെന്ന് അറിയില്ലെന്ന് ആശുപത്രി, കണ്ടെത്താനാകാതെ മുംബൈ പൊലീസ്

By Web TeamFirst Published Jun 2, 2020, 1:32 PM IST
Highlights

ഒരാള്‍ പോലുമറിയാതെ എങ്ങനെയാണ് ആശുപത്രി ഐസിയുവില്‍നിന്ന് 67കാരനായ കൊവിഡ് രോഗിയെ കാണാതാകുന്നതെന്നാണ് ഉയരുന്ന ചോദ്യം

മുംബൈ: മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ സംസ്കരിച്ച സംഭവം വിവാദമാകുന്നതിനിടെ ആശുപത്രിയില്‍ നിന്ന് മറ്റൊരു കൊവിഡ് രോഗി അപ്രത്യക്ഷമായി. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ മെയ് 14ന് പ്രവേശിപ്പിച്ച 67കാരനെയാണ് കാണാതായിരിക്കുന്നത്. കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെയ് 19 മുതല്‍ ഇയാളെ കാണാനില്ല. എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ അറിയില്ല. 

''മെയ് 20 ന് ഞങ്ങള്‍ക്ക് ഒരു ഫോണ്‍ വന്നു. വിളിച്ചപ്പോള്‍ എടുക്കാനാകാത്തതിനാല്‍ പിന്നീട് തിരിച്ചുവിളിച്ചു.  രോഗിയെ കണ്ടെത്താനായില്ലെന്നാണ് അവര്‍ ഞങ്ങളെ അറിയിച്ചത്. എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും ഞങ്ങള്‍ അദ്ദേഹത്തെ അവിടെയാക്കിയിട്ടാണ് പോന്നതെന്നും  പറഞ്ഞു. പിന്നീട് അവര്‍ അദ്ദേഹത്തെ തിരഞ്ഞു. അഞ്ച് ആറ് ദിവസങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല അദ്ദേഹം എവിടെയാണെന്ന്. '' - കാണാതായ ആളുടെ ബന്ധു എന്‍ഡിടിവിയോട് പറഞ്ഞു. 

ഒരാള്‍ പോലുമറിയാതെ എങ്ങനെയാണ് ആശുപത്രി ഐസിയുവില്‍നിന്ന് 67കാരനായ കൊവിഡ് രോഗിയെ കാണാതാകുന്നതെന്നാണ് ഉയരുന്ന ചോദ്യം. വലിയ വിമര്‍ശനമാണ് ആരോഗ്യമന്ത്രാലയവും ആശുപത്രി അധികൃതരും ഏറ്റുവാങ്ങുന്നത്. ഇയാളെ കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. 

ആളെ കാണാതായി അഞ്ചാം ദിവസം മുംബൈ പൊലീസ് കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തു. കുടുംബത്തെ അറിയിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ച സംഭവം വിവാദമാകുന്നതിനിടെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാകേഷ് വര്‍മ്മ എന്നയാള്‍ മെയ് 17 ന് മരിച്ചു. തുടര്‍ന്ന് പൊലീസ് അയാളുടെ സംസ്കാരം നടത്തി. എന്നാല്‍ ഈ സംസ്കാരത്തെക്കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. രാകേഷ് മരിച്ചത് പോലും തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. 

click me!