വുഹാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള രണ്ടാം വിമാനം നാളെ, ആശുപത്രി ഒരുക്കി സൈന്യം

By Web TeamFirst Published Jan 31, 2020, 5:22 PM IST
Highlights

വുഹാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം ഇന്ന് ഉച്ചയ്ക്ക് പോയി. രണ്ടാം വിമാനം നാളെ ഉച്ചയ്ക്ക് എന്ന് എയർ ഇന്ത്യ.

ദില്ലി: ചൈനയിലെ കൊറോണ ബാധിതപ്രദേശമായ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ആദ്യവിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടു. ബെയ്‍ജിംഗിലെത്തുന്ന എയർ ഇന്ത്യയുടെ പ്രത്യേക ജംബോ വിമാനം ഏതാണ്ട് 400 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്നാണ് സൂചന. തിരികെ കൊണ്ടുവരുന്ന ഇന്ത്യക്കാരെയെല്ലാവരെയും ആദ്യം സൈന്യം സജ്ജീകരിച്ച ആശുപത്രിയിലേക്ക് കൊണ്ടുപോകും. ദില്ലിക്ക് അടുത്തുള്ള മനേസറിലാണ് ഈ ആശുപത്രി. ഇവിടെ 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ആളുകളെ തിരികെ വീട്ടിലേക്ക് പോകാൻ അനുവദിക്കൂ. 

എയർ ഇന്ത്യയുടെ ബി 747 വിമാനമാണ് ഉച്ചയ്ക്ക് 1.20-ഓടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. 423 സീറ്റുകളുള്ള ജംബോ വിമാനമാണിത്. 

ദില്ലി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ ഈ വിമാനത്തിലുണ്ട്. ഒരു പാരാമെഡിക്കൽ സ്റ്റാഫും വിമാനത്തിലുണ്ട്. ''ഈ വിമാനത്തിൽ മാസ്കുകളും ഓവർകോട്ടുകളും പാകം ചെയ്ത് സൂക്ഷിച്ച ഭക്ഷണവും അടക്കം എല്ലാം സജ്ജമാണ്. ഒരു സംഘം എഞ്ചിനീയർമാരും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. രക്ഷാവിമാനത്തിന്‍റെ ക്യാപ്റ്റൻ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ അമിതാഭ് സിംഗാണ്. കോക്പിറ്റിൽ ക്യാപ്റ്റനടക്കം അഞ്ച് പേരുണ്ട്. 15 ക്യാബിൻ ക്രൂവും ഉണ്ട്'', എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.  ശനിയാഴ്ച ഉച്ച തിരിഞ്ഞ് ഒരു മണി മുതൽ രണ്ട് മണിയ്ക്കകം ഈ വിമാനം വുഹാനിൽ നിന്ന് ആളുകളെ കയറ്റി തിരികെയെത്തും. 

ഭക്ഷണം വിമാനത്തിൽ കൊണ്ടുവന്ന് വിതരണം ചെയ്യില്ല എന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. അതാത് സീറ്റ് പോക്കറ്റുകളിൽ ഭക്ഷണം സൂക്ഷിക്കുകയാണ് ചെയ്യുക. അതിനാൽ ക്യാബിൻ ക്രൂവും വുഹാനിൽ നിന്ന് വരുന്നവരും തമ്മിൽ ഒരു തരത്തിലും നേരിട്ടുള്ള ആശയവിനിമയമുണ്ടാകില്ല. എല്ലാ യാത്രക്കാർക്കും, ക്രൂവിനും മാസ്കുകളടക്കം ഉറപ്പാക്കിയിട്ടുണ്ട്. വുഹാൻ വിമാനത്താവളത്തിൽ ആളുകളെയെല്ലാവരെയും കയറ്റാൻ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയെടുത്തേക്കാം. 

അതേസമയം, വിമാനമെത്തുമെന്ന വിവരം കിട്ടി എന്നല്ലാതെ, എപ്പോഴെത്തുമെന്നോ, കൃത്യമായ വിവരം ലഭിക്കാതിരുന്നത് ആദ്യം ആശയക്കുഴപ്പത്തിന് ഇടയാക്കിയെങ്കിലും പിന്നീട് വിവരങ്ങൾ ലഭിച്ചു തുടങ്ങി. തയ്യാറായിരിക്കാൻ എംബസിയില്‍ നിന്നു വിവരം ലഭിച്ചതായി മലയാളി വിദ്യാര്‍ഥികളും അറിയിച്ചു. തുടര്‍ന്നുള്ള അറിയിപ്പിനായി
കാത്തിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഈ ആദ്യസംഘം തിരിച്ചെത്തിയതിന് ശേഷം നാളെ എയർ ഇന്ത്യയുടെ രണ്ടാം വിമാനം വുഹാനിലേക്ക് പുറപ്പെടും. ശേഷിക്കുന്ന 200 പേരെക്കൂടി തിരികെയെത്തിക്കാനാണിത്.

ഇതോടൊപ്പം രോഗം പടർന്നുപിടിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാർ നടപടികൾ കൈക്കൊണ്ടുവരികയാണ്. എത്ര പേർക്ക് തിരികെ വരാൻ താത്പര്യമുണ്ടെന്ന് കേന്ദ്രം അന്വേഷിച്ചുവരികയാണ്.  

കൊറോണ ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 213 ആയി ഉയർന്നു. 9692 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഹുബെയ് പ്രവിശ്യയിൽ മാത്രം ഉള്ളത് 5806 കേസുകളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇവിടെയാണ്. 204 മരണം. 

പ്രത്യേക ആശുപത്രി സജ്ജീകരിച്ച് സൈന്യം

തിരികെയെത്തുന്ന എല്ലാവരെയും വിമാനത്താവളത്തിൽ വച്ച് തന്നെ പ്രാഥമിക പരിശോധനകൾക്ക് വിധേയരാക്കും. എയർപോർട്ട് ഹെൽത്ത് അതോറിറ്റിയുടെയും ആർമ്ഡ് ഫോഴ്സസസിന്‍റെ മെഡിക്കൽ വിഭാഗവും സംയുക്തമായി ചേർന്നാകും പരിശോധന. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ മാറ്റുക, ദില്ലി കണ്ടോൻമെന്‍റിലെ ബേസ് ഹോസ്പിറ്റലിൽ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്കാകും.

മൂന്ന് ഗ്രുപ്പായിട്ടാകും തിരികെയെത്തുന്നവരെ തരംതിരിക്കുക:

ആദ്യസെറ്റിൽ രോഗബാധ സംശയിക്കുന്നവരാണ് - പനി, ചുമ, ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവരാണിവർ. അവരെ നേരിട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റും. 

രണ്ടാമത്തേത് രോഗബാധ വരാൻ സാധ്യതയുള്ളവരുടേതാണ് - വുഹാനിലെ മീൻമാർക്കറ്റുകളിലോ ഇറച്ചി വെട്ട് കേന്ദ്രങ്ങളിലോ സന്ദർശനം നടത്തിയവരെ പ്രത്യേകം പരിശോധിക്കും. ഇവർക്ക് എന്തെങ്കിലും രോഗസാധ്യതയുണ്ടോ എന്നും പരിശോധിക്കും. ഇവരെ എസ്കോർട്ടോടെ ആശുപത്രിയിലെത്തിക്കും.

മൂന്നാമത്തേത് രോഗസാധ്യതയില്ലാത്തവർ - കഴിഞ്ഞ 14 ദിവസങ്ങൾക്കകം രോഗബാധയുള്ള ഒരു ചൈനീസ് പൗരനുമായി ബന്ധപ്പെട്ടിട്ടില്ലാത്തവരെ വേറെ പരിശോധിക്കും. അവരെ വേറെ ഇടത്താണ് പാർപ്പിക്കുക. ഇവർക്കായി ഡോർമിറ്ററി മോഡലിൽ വേറെ താമസിക്കാനുള്ള ഇടമൊരുക്കിയിട്ടുണ്ട്. 

click me!