
ദില്ലി: പ്രധാനമന്ത്രി മോദിയെ പരിഹസിച്ച പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന് രൂക്ഷഭാഷയിൽ മറുപടി നൽകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.മോദി തന്റെയും കൂടി പ്രധാനമന്ത്രിയാണെന്നും ദില്ലിയിലെ തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടേണ്ട കാര്യമില്ലെന്നും കെജ്രിവാൾ പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ സഹിക്കില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
"നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെയും കൂടി പ്രധാനമന്ത്രിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദില്ലി തിരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ ഇടപെടുന്നത് ഞങ്ങൾ സഹിക്കില്ല. പാകിസ്താൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താൻ കഴിയില്ല.'' ആം ആദ്മി പാർട്ടി മേധാവി വ്യക്തമാക്കി. ഒരു യുദ്ധത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് വെറും ഒരാഴ്ച മതി എന്ന മോദിയുടെ വാക്കുകളെയാണ് പാക് മന്ത്രി പരിഹസിച്ചത്.
വരാനിരിക്കുന്ന ദില്ലി തെരഞ്ഞെടുപ്പിലെ പരാജയഭീതിയിലാണ് മോദിയെന്നും സമ്പദ് വ്യവസ്ഥയുടെ തകർച്ചയും പൗരത്വ നിയമവും കൂടാതെ കശ്മീർ വിഷയത്തിലെ ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളും മോദിയുടെ സമനില തകരാറിലാക്കിയെന്നും പാക് മന്ത്രി പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് കെജ്രിവാൾ പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam