
ദില്ലി: കൊറോണ വൈറസ് ബാധ തീവ്രമായ വുഹാനില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കും. ഇന്ത്യൻ എംബസിയിൽ നിന്ന് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികൾക്ക് സന്ദേശം ലഭിച്ചു. നാളെ വൈകുന്നേരം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരികെ വരാൻ താത്പര്യപ്പെടുന്ന എല്ലാവരെയും എത്തിക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
ആദ്യ വിമാനത്തിൽ വുഹാനിലും സമീപത്തുമുള്ള ഇന്ത്യാക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. പിന്നീട് ഹുബൈ പ്രവിശ്യയിലെ ഇന്ത്യാക്കാരെയും നാട്ടിലെത്തിക്കുമെന്നും അതിനായി വിമാനങ്ങൾ ഒരുക്കുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും തയ്യാറായിരിക്കാൻ വേണ്ടിയാണ് ഈ സന്ദേശമെന്നും വ്യക്താമാക്കിയിട്ടുണ്ട്.
അതേസമയം നാട്ടിലേക്ക് പോകണമെന്ന് എംബസിയെ അറിയിച്ചിരിക്കുന്നവരെയാണ് തിരിച്ചെത്തിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ സമ്മതം അറിയിച്ചിരിക്കുന്നവരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് എംബസിയുടെ സന്ദേശത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഉടൻ അറിയിക്കുമെന്നും സന്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയും കേന്ദ്രസർക്കാരും ചർച്ച നടത്തി. കൗൺസിലർ ജി റോംഗ് ആണ് ആശയവിനിമയം നടത്തിയത്. പകർച്ച വ്യാധി നിയന്ത്രിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളും വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam