
ദില്ലി: ദില്ലി:രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയില്ലെന്ന് സർവകക്ഷിയോഗത്തിൽ ആവർത്തിച്ച് കേന്ദ്രസർക്കാർ. പശ്ചിമേഷ്യയിലെ സാഹചര്യം വിശദീകരിച്ച സർക്കാർ പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്നും ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും വ്യക്തമാക്കി. സംഘര്‍ഷം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ തല്‍ക്കാലം ഇന്ത്യ ഇല്ലെന്ന സൂചനയാണ് വിദേശകാര്യമന്ത്രി നൽകിയത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് കേന്ദ്രമന്ത്രി കിരൺ റിജജ്ജു പ്രതികരിച്ചപ്പോൾ സർക്കാരിന്‍റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.പാർലമെൻറ് സമുച്ചയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം ഒന്നേമുക്കാൽ മണിക്കൂറാണ് നീണ്ടത്.രാജ്യത്ത് പെട്രോളിനോ ഡീസലിനോ പാചകവാതകത്തിനോ പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം യോഗത്തിൽ വിശദീകരിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഹോർമുസ് കടലിടുക്ക് കടന്ന് അഞ്ച് കപ്പലുകൾ കൂടി അടുത്താഴ്ച ഇന്ത്യയിലെത്തും. കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്ക് എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്.കടലിടുക്ക് വഴി കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് യാത്ര ചെയ്യാനായത് നയതന്ത്ര വിജയം എന്നും യോഗത്തിൽ സർക്കാർ അവകാശപ്പെട്ടു. ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. നിലവിലെ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യമാണ് ഇന്ത്യയുടെ നിലപാട്. യുദ്ധം എല്ലാവർക്കും പ്രതിസന്ധിയെന്ന് ട്രംപിനോട് പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് പ്രതിപക്ഷ പാർട്ടികളോട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശദീകരിച്ചു. വിവരങ്ങൾ പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടെ ധരിപ്പിച്ചെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പാർലമെൻററി കാര്യമന്ത്രി കിരൺ റിജജ്ജു പ്രതികരിച്ചു
പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെയാണ് യുദ്ധം തുടങ്ങിയതെന്ന് പ്രതിപക്ഷ പാർട്ടിയിലെ ചില നേതാക്കൾ യോഗത്തിനിടയിൽ ഉന്നയിച്ചു. എന്നാൽ, ഇസ്രായേൽ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണ് കേന്ദ്രം വിശദീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ,വിദേശകാര്യ മന്ത്രി എസ് ജയശങ്കർ , ധനമന്ത്രി നിർമ്മല സീതാരാമൻ,പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.എന്നാൽ സർക്കാരിൻറെ വിശദീകരണത്തിൽ തൃപ്തനല്ലെന്നാണ് കോൺഗ്രസ് പ്രതികരണം. യുദ്ധത്തിനെതിരെ ശക്തമായ നിലപാട് എടുക്കാൻ സർക്കാർ തയ്യാറാകണമന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam