എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റിന് വിധേയമാക്കുകയും തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദില്ലി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതികരണവുമായി എൻടിഎ വൃത്തങ്ങൾ. കഴിഞ്ഞ പരീക്ഷയിലുണ്ടായ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും എൻടിഎ അറിയിച്ചു. ​വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി മാറ്റങ്ങൾ നടപ്പാക്കുമെന്നും അറിയിച്ചു. പരീക്ഷാ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻടിഎ അധികൃതരുമായി യോഗം നടത്തിയിരുന്നു. പരീക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ മന്ത്രി നിർദേശം നൽകി. എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റിന് വിധേയമാക്കുകയും തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എന്‍ടിഎ) തീരുമാനിച്ചിരുന്നു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും. പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എന്‍ടിഎയുടെ നടപടി.