
ദില്ലി: വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രാഹുല്‍ഗാന്ധി.പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിന്‍റെ റാലി ഇന്ന് ദില്ലിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്‍റെ ട്വീറ്റ്.
രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ പാർലമെന്‍റിനകത്ത് വിലക്കയറ്റത്തിന് എതിരെ പ്രതിഷേധിച്ചകോൺഗ്രസ് രാഷ്ട്രപതി ഭവൻ മാർച്ചും നടത്തിയിരുന്നു .ഇതിൻറെ തുടർച്ചയായാണ് റാലിയും സംഘടിപ്പിക്കുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായുള്ള കോൺഗ്രസിന്റെ റാലി കൂടിയാണ് ദില്ലിയിലേത്.
പാർട്ടി വിട്ട ഗുലാം നബി ആദ്യമായി പൊതുവേദിയിൽ; എന്ത് പറയും? ഉറ്റുനോക്കി രാജ്യം, ജമ്മുവിൽ വൻ അണിയറ നീക്കങ്ങൾ
കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദ് ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനം നടത്തും. കോൺഗ്രസ് വിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ജമ്മുകശ്മീരിൽ എത്തിയ ഗുലാം നബി ആസാദ് വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും താഴെത്തട്ടിൽ ഉള്ള നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ പാർട്ടിയുടെ പ്രഖ്യാപനവും അദ്ദേഹം ഉടൻ നടത്തുമെന്നാണ് സൂചന. ജമ്മുവില്‍ ഗുലാം നബി എന്തെല്ലാം തുറന്ന് പറയുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.