ശ്മശാനത്തിൽ ഒരുക്കിയ മണ്ഡപത്തിൽ വിവാഹം, ദൃശ്യങ്ങൾ വൈറലായതോടെ രൂക്ഷ വിമർശനം, അന്വേഷണം, പുലിവാലായി ഈ ഡെസ്റ്റിനേഷൻ വിവാഹം

Published : Apr 30, 2026, 08:35 PM IST
Marriage in Graveyard

Synopsis

ഗാസിയാബാദിൽ നിന്നുള്ള യുവാവും യുവതിയുമാണ് മാർച്ചുല എന്ന സ്ഥലത്ത് രാംഗംഗ, ബദൻഗഢ് നദികൾ സംഗമിക്കുന്ന സ്ഥലത്തുള്ള ശ്മശാനം വിവാഹവേദിയാക്കി മാറ്റിയത്.

അൽമോറ: അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ഡെസ്റ്റിനേഷൻ വിവാഹങ്ങൾ മിക്കവരുടേയും സ്വപ്നമാണ്. ഇത്തരം വിവാഹങ്ങൾക്കായി പണം ചെലവഴിക്കാനും ആളുകൾ മടികാണിക്കാറില്ല. എന്നാൽ ചിലർ കുറച്ചുകൂടി വെറൈറ്റി പിടിക്കാൻ പോയി വിവാദങ്ങളിൽ ചെന്നുചാടാറുണ്ട്. അങ്ങനെയൊരു സംഭവമാണ് ഉത്തരാഖണ്ഡിലുണ്ടായത്. ഉത്തരാഖണ്ഡിലെ അൽമോറയിൽ വിവാഹത്തിനുള്ള സ്ഥലമായി നിശ്ചയിച്ചത് ശ്മശാനമായിരുന്നു. റിസോർട്ടുകാർ ശ്മശാനത്തിലൊരുക്കിയ മണ്ഡപത്തിലെ വിവാഹം വലിയ രീതിയിലാണ് വിമർശനം ഏറ്റുവാങ്ങുന്നത്. ആകാശത്തും വെള്ളത്തിനടിയിലുമൊക്കെ കല്യാണം നടത്തി വാർത്തയായവർ ഒരുപാടുണ്ട്. എന്നാൽ ശ്മശാനത്തിൽ കല്യാണം കഴിച്ച് നാട്ടുകാരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ഈ വധുവരന്മാർ. ഗാസിയാബാദിൽ നിന്നുള്ള യുവാവും യുവതിയുമാണ് മാർച്ചുല എന്ന സ്ഥലത്ത് രാംഗംഗ, ബദൻഗഢ് നദികൾ സംഗമിക്കുന്ന സ്ഥലത്തുള്ള ശ്മശാനം വിവാഹവേദിയാക്കി മാറ്റിയത്. 

മാലയിടൽ ഉൾപ്പെടെ എല്ലാ ചടങ്ങുകളും ഇവിടെത്തന്നെ നടത്തി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും ആളുകൾ ഞെട്ടിയതും. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ വിവാഹമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചിലർ ഇതിനെ വ്യത്യസ്തമെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിനെ സാമൂഹികവും മതപരവുമായ നിയമങ്ങളുടെ ലംഘനമായാണ് കാണുന്നത്. പലയിടത്തും വിവാദ വിവാഹത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായി. മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഒരിടത്ത് ഇങ്ങനെയൊരു ആഘോഷം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും, ഇത് വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും നാട്ടുകാർ പറയുന്നു. ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വിഷയം ഗൗരവമായി എടുത്ത അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പൊതുസ്ഥലത്ത് ഏത് പരിപാടി നടത്താനും മുൻകൂർ അനുമതി വേണമെന്നാണ് തഹസിൽദാർ ആബിദ് അലി പറയുന്നത്. ശ്മശാനത്തിൽ അനുമതിയില്ലാതെ പരിപാടി നടത്തിയത് നിയമലംഘനമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്ഥലത്തെക്കുറിച്ച് ദമ്പതികൾക്ക് നേരത്തെ തന്നെ പൂർണ്ണവിവരം നൽകിയിരുന്നുവെന്നും, അവർ തന്നെയാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്നുമാണ് വിവാഹം നടത്തിക്കൊടുത്ത റിസോർട്ട് മാനേജർ രാകേഷ് ശർമ്മയുടെ വിശദീകരണം. ഉത്തരാഖണ്ഡിൽ അതിവേഗം വളരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ട്രെൻഡിനെക്കുറിച്ചും ഈ സംഭവം ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എക്സിറ്റ് പോളുകൾ വരുന്നത് ബിജെപിയുടെ ഓഫീസിൽനിന്ന്, 226ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി
കല്യാണ ഘോഷയാത്രയുടെ ഡി ജെ, ചത്ത് വീണത് 140 കോഴികൾ, ഡി ജെക്കെതിരെ കേസ് എടുത്ത് പൊലീസ്