
സുൽത്താൻപൂർ: ആഘോഷ പരിപാടികൾക്ക് ഇപ്പോൾ ഒഴിച്ച് കൂടാനാവാത്ത കാര്യമായി മാറിയിട്ടുണ്ട് ഡി ജെ. വിവാഹമോ മറ്റ് ആഘോഷമോ ആവട്ടെ വൈബ് പിടിക്കാൻ ഡി ജെ പതിവാകുന്ന കാഴ്ച നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ ചില ഡി ജെകൾ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം വളരെ വലുതാണ്. പ്രായമായവർക്കും പിഞ്ചുകുട്ടികൾക്കും ഒക്കെ ഉയർന്ന ഫ്രീക്വൻസിയിലുള്ള ഡി ജെ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുമുണ്ട്. എന്നാൽ ഉച്ചത്തിലുള്ള ഈ ഡിജെ പാട്ട് മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ആപത്താണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഉത്തർ പ്രദേശിലുണ്ടായിട്ടുള്ളത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഒരു കല്യാണ ഘോഷയാത്രയുടെ ഭാഗമായി ഉച്ചത്തിൽ വെച്ച ഡിജെ പാട്ട് കേട്ട് അടുത്തുള്ള കോഴി ഫാമിലാണ് വൻ നാശമുണ്ടായത്.
ഒന്നല്ല, രണ്ടല്ല, 140 കോഴികളാണ് ഇവിടെ ചത്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ, പൊലീസ് ഡിജെ ഓപ്പറേറ്റർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 25ന് സുൽത്താൻപൂരിലെ ദരിയാപുർ ഗ്രാമത്തിലായിരുന്നു ഡി ജെ നടത്തിയത്. കുഡ്‌വാർ ഏരിയയിലെ പൂർവ റാം ഭദ്ര പൂർവ എന്ന സ്ഥലത്തുനിന്നുള്ള കല്യാണ ഘോഷയാത്രയായിരുന്നു ഇത്. ഘോഷയാത്രയിലുണ്ടായിരുന്ന കവി യാദവ് എന്ന ഡിജെ ഓപ്പറേറ്റർ, സഹിക്കാൻ പറ്റാത്ത അത്ര ഉച്ചത്തിൽ പാട്ടുവെച്ചെന്നും, ഇതിന്റെ ശബ്ദവും പ്രകമ്പനവും ആ പ്രദേശം മുഴുവൻ നിറഞ്ഞുനിന്നെന്നും നാട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.
കല്യാണ ഘോഷയാത്ര കോഴി ഫാമിന് സമീപത്തുകൂടി കടന്നുപോയപ്പോൾ, ഉച്ചത്തിലുള്ള ശബ്ദവും പ്രകമ്പനവും കേട്ട് കോഴികൾ പേടിച്ചുവിരണ്ടു. പെട്ടെന്നുണ്ടായ ഭീതിയിൽ കോഴികൾ കൂട്ടത്തോടെ ചിതറിയോടുകയും മിനിറ്റുകൾക്കകം 140 എണ്ണം ചത്തുവീഴുകയുമായിരുന്നുവെന്നുമാണ് ഫാമിന്റെ ഉടമയായ സബീർ അലി വിശദമാക്കുന്നത്. സംഭവം അന്വേഷിച്ച ചീഫ് വെറ്ററിനറി ഓഫീസർ പ്രമോദ് ശർമ്മ, കോഴികൾ ചത്തത് ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു. ഉച്ചത്തിലുള്ള ശബ്ദവും സമ്മർദ്ദവുമാണ് ഇതിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഫാം ഉടമ സബീർ അലി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, കുഡ്‌വാർ സ്വദേശിയായ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉച്ചത്തിലുള്ള ശബ്ദം തന്നെയാണോ മരണത്തിന് പ്രധാന കാരണം, അതോ മറ്റെന്തെങ്കിലും ഘടകങ്ങൾ ഇതിന് പിന്നിലുണ്ടോ എന്നും പോലീസ് ഇപ്പോൾ അന്വേഷിച്ചുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam