
നോയിഡ: വാലന്റൈൻസ് ദിനത്തിൽ നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രണയിനികൾ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സെക്ടർ 58 സ്വദേശിനി രേഖ (26), ഡൽഹി ത്രിലോക്പുരി സ്വദേശി സുമിത് (32) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തിയെങ്കിലും, ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.
നാട്ടുകാർ വെടിയൊച്ച കേട്ട് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തുമ്പോൾ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലുള്ള കാറിനുള്ളിൽ രേഖയും സുമിത്തും മരിച്ച നിലയിലായിരുന്നു. സുമിത്തിന്റെ കയ്യിൽ നിന്ന് പിസ്റ്റളും കാറിൽ നിന്ന് തിരകളും കണ്ടെടുത്തു. മരിക്കുന്നതിന് മുൻപ് സുമിത് അയച്ച വാട്സാപ്പ് സന്ദേശത്തിൽ രേഖ തന്നെ വഞ്ചിച്ചതായി ആരോപിക്കുന്നു. 15 വർഷത്തെ പ്രണയത്തിന് ശേഷം രേഖ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സന്ദേശത്തിൽ പറയുന്നു.
തലേദിവസം മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. 15 വർഷമായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. പൊലീസിന്റെ ആത്മഹത്യാ നിഗമനത്തെ തള്ളി സുമിത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ജാതിയുടെ പേരിൽ പെൺകുട്ടിയുടെ കുടുംബം ഇവരെ പരിഹസിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് തങ്ങൾക്ക് ഭീഷണി കോളുകൾ വന്നിരുന്നുവെന്ന് സുമിത്തിന്റെ ബന്ധുക്കൾ വെളിപ്പെടുത്തി.
രേഖയുടെ ഗ്രാമത്തിന് തൊട്ടടുത്ത് വെച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു. സംഭവത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കൊലപാതക ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam