ബെംഗളൂരു ദേവനഹള്ളിയിലെ റസിഡൻഷ്യൽ സ്കൂളിൽ അധ്യാപകന്റെ ശിക്ഷാ നടപടിക്കിടെ ആറാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയെ മർദിക്കുകയും ഗ്രൗണ്ടിൽ ഓടിക്കുകയും ചെയ്ത ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അറസ്റ്റിൽ. മാതാപിതാക്കളുടെ പരാതിയിലാണ് ദേവനഹള്ളി സ്റ്റെർലിംഗ് സ്കൂൾ അധ്യാപകൻ നാരായണയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകന്റെ ശിക്ഷാനടപടികൾക്കിടെയാണ് വിദ്യാർത്ഥിയുടെ മരണം സംഭവിച്ചതെന്നാണ് പരാതി. സ്റ്റെർലിംഗ് റസിഡൻഷ്യൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുകിരണിന്റെ മരണത്തിലാണ് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിൽ താമസിച്ച് പഠിക്കുന്ന ഗുരുകിരൺ ഇന്നലെ ഗ്രൗണ്ടിൽ ഓടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് സമയം തെറ്റിച്ച് വാഷ് റൂമിൽ പോയി എന്നാരോപിച്ച് നാരായണ എന്ന അധ്യാപകൻ ഗുരുകിരണെ മർദിച്ചതായി മറ്റ് കുട്ടികൾ അറിയിച്ചത്. ഇരുന്പ് ദണ്ഡ് കൊണ്ടായിരുന്നു മർദനം. പിന്നാലെ ശിക്ഷാ നടപടി എന്ന നിലയിൽ ഗ്രൗണ്ടിന് ചുറ്റും രണ്ട് റൗണ്ട് കുട്ടിയെ ഓടിച്ചു. ഇതിനിടയിലാണ് ഗുരുകിരൺ കുഴഞ്ഞുവീണത്.
ഗ്രൗണ്ടിലേയും വിദ്യാർത്ഥി താമസിച്ചിരുന്ന മുറിയിലെയും സിസിടിവി ക്യാമറകൾ തകർക്കപ്പെട്ട നിലയിലായിരുന്നു എന്നതും ദുരൂഹത കൂട്ടി. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ബഗാലൂർ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. നാരായണ കുട്ടികളെ മുറികളിൽ പൂട്ടിയിടുന്നതും ക്രൂരമായി മർദിക്കുന്നതും പതിവാണെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കൂളിലേക്ക് നാട്ടുകാർ സംഘടിച്ചെത്തിയിരുന്നു. പെട്രോൾ കാനുകളുമായി അധ്യാപകനെ കത്തിക്കും എന്ന് ആക്രോശിച്ച് എത്തിയ രോഷാകുലരായ നാട്ടുകാരിൽ നിന്ന് ഏറെ പാടുപെട്ടാണ് പൊലീസ് നാരായണയെ രക്ഷിച്ചത്. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.


