
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ ബിഹാറി ദമ്പതികൾ അറസ്റ്റിൽ. ആറുവയസുള്ള പെൺകുട്ടിയെയും എട്ട് മാസം പ്രായമുള്ള അവളുടെ സഹോദരനെയുമാണ് ബെംഗളൂരുവിൽ നിന്ന് ബിഹാറി ദമ്പതികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട് രക്ഷപ്പെടുത്തി അവരുടെ മാതാപിതാക്കളെ തിരിച്ചേൽപ്പിച്ചു. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് കുട്ടികളുമായി നിന്ന് പരുങ്ങുകയായിരുന്നു ദമ്പതികളായ പ്രമീളാ ദേവിയും ഭർത്താവ് ബലറാമും. സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ദമ്പതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച കൊടിഗെഹള്ളിയിൽ നിന്ന് കുട്ടികളെ തട്ടിയെടുത്ത ശേഷം, അവരുമായി ബീഹാറിലെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാനുള്ള പദ്ധതിയിലായിരുന്നു ദമ്പതികൾ. തട്ടിക്കൊണ്ടുപോകൽ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. റോഡിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് സഹോദരങ്ങളുടെ അടുത്തേക്ക് ഒരു സ്ത്രീ ചെല്ലുന്നു. ഇത്തിരി നേരം സ്ത്രീയുമായി ഇടപഴകിയ പെൺകുട്ടിയും പിഞ്ചുകുഞ്ഞും പിന്നീട് അവൾക്കൊപ്പം പോകുന്നതാണ് ദൃശ്യങ്ങളിൽ.
കുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ പലയിടത്തും തേടിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്ത പ്രദേശങ്ങളിലൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവര്‍ റെയിൽവേ സ്റ്റേഷനിൽ പിടിയിലാകുന്നത്.
അതേസമയം, തട്ടിക്കൊണ്ടുപോയി വിലപേശലോ അപായപ്പെടുത്തലോ ആയിരുന്നില്ല ദമ്പതികളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിന് ശേഷം തങ്ങൾക്ക് കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാലാണ് കുട്ടികളെ തട്ടിയെടുത്ത് ബീഹാറിലെ സ്വദേശത്തേക്ക് കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നുമാണ് ചോദ്യം ചെയ്യലിൽ ദമ്പതികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിലൂടെ വ്യക്തത ആവശ്യമാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam