
പാറ്റ്ന: ഒരു സ്ത്രീയിൽ നിന്ന് 34 വർഷം മുമ്പ് 20 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിരമിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. 1990ൽ ബീഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി കൊണ്ടുപോകുകയായിരുന്ന ഒരു സ്ത്രീയിൽ നിന്നാണ് പൊലീസുകാരൻ കൈക്കൂലി വാങ്ങിയത്. 1990 മെയ് ആറിന് ബരാഹിയയിൽ നിന്നുള്ള കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിംഗ് സഹർസ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് സംഭവം. സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പച്ചക്കറി കെട്ടുമായി വരികയായിരുന്ന മഹേഷ്ഖുണ്ട് സ്വദേശിയായ സീതാദേവിയെ സുരേഷ് പ്രസാദ് തടഞ്ഞു.
ഇതിന് ശേഷം സീത ദേവിയോട് സുരേഷ് എന്തോ പറയുകയും ഉടൻ അവർ 20 രൂപ നൽകുകയുമായിരുന്നു. എന്നാൽ, അന്നത്തെ റെയിൽവേ സ്റ്റേഷൻ ഇൻചാർജ് ഇയാളെ കൈയോടെ പിടികൂടുകയും കൈക്കൂലി പണം ഉടൻ തിരിച്ചുപിടിക്കുകയും ചെയ്തു. ഈ കേസിൽ 34 വർഷത്തിന് ശേഷം സുരേഷ് പ്രസാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പ്രത്യേക വിജിലൻസ് ജഡ്ജി സുധേഷ് ശ്രീവാസ്തവ പൊലീസ് ഡയറക്ടർ ജനറലിന് (ഡിജിപി) നിർദേശം നൽകുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കേസിലെ നിയമനടപടികൾ തുടരുകയായിരുന്നു.
ഇതിനിടെ ജാമ്യം ലഭിച്ച സുരേഷ് പ്രസാദ് കോടതിയിൽ ഹാജരാകുന്നതിരുന്നതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1999 മുതൽ ഇയാൾ ഒളിവിലാണ്. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും സുരേഷിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ലഖിസരായ് ജില്ലയിലെ ബരാഹിയയിലെ ബിജോയ് ഗ്രാമത്തിലാണ് സുരേഷ് താമസിച്ചിരുന്നത്. എന്നാൽ, മഹേഷ്ഖുണ്ടിൽ തെറ്റായ വിലാസമാണ് നൽകിയതെന്ന് സുരേഷിന്റെ സർവീസ് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഇതോടെയാണ് കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam