
ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. കേസന്വേഷണം കൃത്യമായി നടത്തിയതിൽ പൊലീസിനെ ഹൈക്കോടതിയും മഹിളാ കോടതിയും പ്രശംസിച്ചതടക്കം ചൂണ്ടികാട്ടിയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. ഒരു പെൺകുട്ടി നേരിട്ട ദുരനുഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചവരെ നാണം കെടുത്തുന്ന പരാമർശങ്ങൾ ആണ് കോടതിയുടേതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷയാണ് ചെന്നൈ മഹിളാ കോടതി വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 30 വർഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണനകൾ ഒന്നും നൽകരുതെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് പരോളോ ശിക്ഷയിളവോ നൽകാൻ പാടില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രായമായ അമ്മയെ ശുശ്രൂഷിക്കാൻ മറ്റാരും ഇല്ലെന്നും കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നും ജ്ഞാനശേഖരൻ അഭ്യർത്ഥിച്ചിരുന്നു.
നാടിനെ നടുക്കിയ ക്രൂരത
അണ്ണാ സർവകലാശാല ക്യാംപസിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന രണ്ടാം വർഷം എം ഇ വിദ്യാർത്ഥിനിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ശേഷം ബലാത്സംഗം ചെയ്തത്. പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെ സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെൺകുട്ടിയെ എത്തിച്ച ശേഷമായിരുന്നു പ്രതിയുടെ ക്രൂരത. തന്നോടൊപ്പവും അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണിൽ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഫോൺ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെൺകുട്ടിയെ ഉടൻ വിട്ടയക്കാമെന്ന് ഉറപ്പ് നൽകിയെന്നും പൊലീസിന് ലഭിച്ച പരാതിയിൽ ഉണ്ട്. അതിനു ശേഷം മുക്കാൽ മണിക്കൂറോളം ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ ഫോണിൽ നിന്ന് അച്ഛന്‍റെ മൊബൈൽ നമ്പർ എടുത്ത ഇയാൾ ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam