
ദില്ലി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഒമിക്രോണിനെ (Omicron) ചെറുക്കാണൻ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് (Covaxin) സാധിച്ചേക്കുമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - ഐസിഎംആർ (ICMR) ഓഫീസർ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലാണ് ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്ത്യയിൽ, കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ഹിന്ദു ബിസിനസ് ലൈനിന് നൽകിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആർ ഉദ്യോഗസ്ഥൻ, ഒമിക്രോണിനെതിരെ മറ്റ് വാക്സിനുകളേക്കാൾ കൊവാക്സിൻ ഫലപ്രദമായേക്കുമെന്ന് അഭിപ്രായപ്പെട്ടത്. വ്യതിയാനം സംഭവിച്ച ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വൈറസുകൾക്കെതിരെ കൊവാക്സിൻ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്സിൻ പ്രവർത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ, വൈറസ് വകഭേദത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത് പ്രതിരോധം തീർക്കുമെന്ന് നമുക്ക് കരുതാം. സാമ്പിൾ ലഭിച്ചാലുടൻ വാക്സിനുകളുടെ കഴിവ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ടെസ്റ്റ് ചെയ്യും. വുഹാനിൽ കണ്ടെത്തിയ യഥാർത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാൽ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കൊവാക്സിൻ നിർമ്മിച്ച കമ്പനി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ട് ഉദ്ദരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam