നിസ്സാമുദ്ദീൻ: 128 പേർക്ക് കൊവിഡ്, 4000 പേർ നിരീക്ഷണത്തിൽ, ദോവലിന് ചുമതല

Published : Apr 01, 2020, 11:10 AM ISTUpdated : Apr 01, 2020, 11:24 AM IST
നിസ്സാമുദ്ദീൻ: 128 പേർക്ക് കൊവിഡ്, 4000 പേർ നിരീക്ഷണത്തിൽ, ദോവലിന് ചുമതല

Synopsis

നിസ്സാമുദ്ദീൻ സമ്മേളനം നടന്ന ഇടത്തും ഇവിടെയുള്ള മർകസ് ആസ്ഥാനത്തും അണുനശീകരണം നടത്തുകയാണിപ്പോൾ. രാജ്യത്തെമ്പാടും എണ്ണായിരം പേരെങ്കിലും ഇവിടെ പരിപാടികളിൽ പങ്കെടുത്ത് തിരികെ പോയെന്നാണ് പ്രാഥമിക നിഗമനം. 

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ ഒരു പ്രധാനകേന്ദ്രമായി ദില്ലിയിലെ ഹസ്രത് നിസ്സാമുദ്ദീനിലുള്ള മർക്കസ് ആസ്ഥാനം മാറിയെന്ന് പ്രാഥമിക നിഗമനം. ഇവിടെ കഴിഞ്ഞിരുന്ന 2100 പേരെയും ഇന്നലെയോടെ ദില്ലി പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിന് പുറമേ രാജ്യമെമ്പാടും 2137 പേരാണ് ഇവിടെ സന്ദർശനം നടത്തി മടങ്ങിയതിനാൽ നിരീക്ഷണത്തിലുള്ളത്. നിസ്സാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കേന്ദ്രസർക്കാർ നിയോഗിച്ചു. നിസ്സാമുദ്ദീനിലെ മർക്കസ് മൗലാനയുമായി അജിത് ദോവൽ സംസാരിച്ചു. നിലവിൽ ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തിൽ ഈ മർക്കസ് ആസ്ഥാനത്ത് അണുനശീകരണം നടത്തുകയാണ് ആരോഗ്യപ്രവർത്തകർ.

തബ്‍ലീഖി ജമാ അത്തെ എന്ന സംഘത്തിന്‍റെ ദില്ലി ആസ്ഥാനമാണ് മർക്കസ് നിസാമുദ്ദീൻ എന്ന കെട്ടിടം. തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ച ആറ് പേർ ഇവിടെ സന്ദർശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഈ കേന്ദ്രം ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നീട് ഇവിടെ നിന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ എത്തിയ പലർക്കും കൊവിഡ് രോഗം ബാധിച്ചു എന്ന വിവരങ്ങൾ തുട‍ർച്ചയായി പുറത്തുവന്നു. ഇതോടെ നിസ്സാമുദ്ദീൻ രാജ്യത്തെ ഒരു കൊവിഡ് ഹോട്ട് സ്പോട്ടായി മാറി. 

ഈ പ്രദേശത്ത് നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ച ശേഷം കെട്ടിടം കർശനനിരീക്ഷണത്തിലാണിപ്പോൾ. കെട്ടിടം അടച്ചു പൂട്ടി ദില്ലി പൊലീസ് സീൽ വച്ചു. മതകേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും കൂട്ടത്തോടെ ഒഴിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇവിടെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പള്ളിയിലെ മൗലാനയ്ക്ക് എതിരെ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളോടും ഇവിടെ സന്ദർശനം നടത്തി മടങ്ങിയ തബ്‍ലീഖി അംഗങ്ങളെ കണ്ടെത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇവിടെ ഏതാണ്ട് 319 പേർ സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനസർക്കാരിന്‍റെ പ്രാഥമിക നിഗമനം. ഇതിൽ 140 പേർ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 80 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദില്ലിയിലും രാജ്യത്തിന്‍റെ മറ്റ് വിവിധ ഭാഗങ്ങളിലും തങ്ങുകയാണ്. തിരികെ എത്തിയ പലർക്കും കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും ഇവരെ കർശനനിരീക്ഷണത്തിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം.

മാർച്ച് 8 മുതൽ 10 വരെ നടന്ന വലിയ മതചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നുള്ളവരെയാണ്. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും വലിയ സംഘം ഇവിടെയെത്തിയത്. അമ്പത് പേരാണ് തമിഴ്നാട്ടിൽ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത ഏതാണ്ട് 800 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രാഥമിക നിഗമനം. 24 പേ‍ർ ദില്ലിയിൽ കൊവിഡ് രോഗബാധിതരാണ്. 21 പേർ തെലങ്കാനയിൽ രോഗബാധിതരാണ്. 21 പേർ ആന്ധ്രാപ്രദേശിൽ രോഗബാധിതരായി. 10 പേർ ആൻഡമാനിൽ, അസമിലും ജമ്മു കശ്മീരിലും ഓരോരുത്തരും രോഗം ബാധിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ വന്ന 824 വിദേശികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ അതാത് സംസ്ഥാനപൊലീസ് മേധാവികൾക്ക് കൈമാറിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു.

സാമൂഹ്യാകലം പാലിക്കണമെന്ന എല്ലാ ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് നൂറുകണക്കിന് പേരാണ് ഈ പള്ളി സമുച്ചയത്തിൽ ഒന്നിച്ച് കഴിഞ്ഞിരുന്നത്. ഇവിടെ ആറ് നിലകളിലായി ഡോർമിറ്ററികളിലുണ്ട്. മാർച്ച് 21-ന്, അതായത് ജനതാ കർഫ്യൂവിന് തൊട്ടുമുമ്പ് ഇവിടെ 1746 പേരുണ്ടായിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇതിൽ 216 പേർ വിദേശികളായിരുന്നു.

തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്കാണ് ഇവിടെ സന്ദർശനം നടത്തിയ നിരവധിപ്പേർ മടങ്ങിയിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

തെലങ്കാനയിൽ ഇവിടം സന്ദർശിച്ച് മടങ്ങിയ ആറ് പേരാണ് മരിച്ചത്. ശ്രീനഗറിൽ മരിച്ച വൃദ്ധൻ ഇവിടം സന്ദർശിച്ച് മടങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹം ഉത്തർപ്രദേശിലെ ദിയോബന്ദിലെ പള്ളിയിലും സന്ദർശനം നടത്തിയിട്ടുണ്ട്. ആൻഡമാനിൽ 1800 പേരാണ് ക്വാറന്‍റീനിലുള്ളത്. കശ്മീരിലെ ഏതാണ്ട് നൂറ് പേർ പങ്കെടുത്ത പരിപാടിയിൽ എത്തിയ 700 പേരെ കണ്ടെത്താൻ ആന്ധ്രാ സർക്കാർ ത്വരിതഗതിയിൽ ശ്രമം നടത്തുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'