വിറച്ച് മഹാരാഷ്ട്ര, 9 ദിവസം കൊണ്ട് 1144 കേസുകൾ കൂടി, പകുതിയിലേറെയും മുംബൈയിൽ

Published : Apr 09, 2020, 08:39 PM ISTUpdated : Apr 09, 2020, 09:11 PM IST
വിറച്ച് മഹാരാഷ്ട്ര, 9 ദിവസം കൊണ്ട് 1144 കേസുകൾ കൂടി, പകുതിയിലേറെയും മുംബൈയിൽ

Synopsis

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ ഇന്നും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ പഴം, പച്ചക്കറി കടകളടക്കം സകല സ്ഥാപനങ്ങളും ധാരാവിയിൽ അടച്ചിടാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എംഎൽഎമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധ പടരുന്നത് അതിവേഗമെന്ന് കണക്കുകൾ. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിൽ 1364 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലധികവും, അതായത് 746 എണ്ണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ് എന്നതാണ് മഹാരാഷ്ട്ര സർക്കാരിനെ ഭയപ്പാടിലാക്കുന്നത്. രണ്ട് മലയാളി നഴ്സുമാർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയിൽ ഇന്ന് ഒരാൾ കൂടി മരിച്ചു. ഈ സാഹചര്യത്തിൽ ധാരാവിയിലെ പഴം, പച്ചക്കറി കടകളടക്കം സകലതും അടച്ചിടാനാണ് സംസ്ഥാനസർക്കാർ നിർദേശിച്ചിരിക്കുന്നത്.

ഏപ്രിൽ ഒന്ന് മുതൽ എല്ലാ ദിവസവും നൂറോ അതിലധികമോ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. എട്ടിൽ കുറയാതെ മരണവും ദിവസം തോറും റിപ്പോ‍ർട്ട് ചെയ്യപ്പെടുന്നു. സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അതിന്‍റെ തോതിൽ വലിയ വർധനവില്ലെന്നാണ് വിശദീകരണം.

രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയെന്നോണമാണ് വീണ്ടും നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്. വൊക്കാർഡ് ആശുപത്രിയിലെ രണ്ട് നഴ്സുമാരെ സെവൻഹിൽ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തു. 46 മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച ആശുപത്രിയാണ് വൊക്കാർഡ്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ബീച്ച് കാൻഡി, ബാട്ടിയ ആശുപത്രികളിൽ ഒപി സേവനങ്ങൾ നിർത്തി. ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്‍റൈൻ ചെയ്യേണ്ടി വരുന്നതിനാൽ ആരോഗ്യപ്രവർത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്. 

ഈ കുറവ് പരിഹരിക്കാൻ വിരമിച്ചവരും ആരോഗ്യമേഖലയിൽ പ്രവർത്തിപരിചയമുള്ളവവരുമായ ഡോക്ടർമാരെയും നഴ്സുമാരെയും സർക്കാർ റിക്രൂട്ട് ചെയ്ത് തുടങ്ങി. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ദക്ഷിണകൊറിയയിൽ നിന്നെത്തിക്കാൻ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചു. നഗരത്തിലെ തീവ്രരോഗ ബാധിതമേഖലകളായ 250 ഇടങ്ങളിൽ പഴം - പച്ചക്കറി കടകളടക്കം അടച്ചു. രോഗികളെയും ഐസൊലേഷനിലുള്ളവരെയും പാർപ്പിക്കാൻ നാഷണൽ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയം ക്വാറന്‍റൈൻ സെന്‍ററാക്കി.

80 ശതമാനം കേസുകളും ഏപ്രിലിൽ

രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. ഏപ്രിൽ ഒന്ന് മുതൽ സ്ഥിതിയ്ക്ക് ഒരു മാറ്റവുമില്ല. കണക്കുകൾ പരിശോധിച്ചാൽ, മഹാരാഷ്ട്രയിലെ 80.61 കേസുകളും ഏപ്രിലിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

മാർച്ച് 31-ന് സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 220 ആയിരുന്നെങ്കിൽ ഏപ്രിൽ 9 ആകുമ്പോഴേക്ക് ഈ എണ്ണം 1144 എണ്ണം കൂടി 1364-ലേക്ക് എത്തി. ആശങ്കപ്പെടുത്തുന്ന കുതിച്ചുചാട്ടം. 

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം നൂറ് കടന്നത് മാർച്ച് 23-നാണ്. ദിവസേന കേസുകൾ കൂടുന്നത് ഇരട്ടയക്കത്തിന്‍റെ തോതിലായിരുന്നു പിന്നീട്. പിന്നെയത് മൂന്നക്കമായി. മാർച്ച് 26- മാത്രമായിരുന്നു ഇതിലൊരപവാദം. അന്ന് ആകെ റിപ്പോർട്ട് ചെയ്തത് രണ്ട് കേസുകൾ മാത്രമായിരുന്നു. 

പക്ഷേ, കഴിഞ്ഞ അഞ്ച് ദിവസമായി നൂറിലേറെ കേസുകൾ ദിവസവും മഹാരാഷ്ട്രയിൽ റിപ്പോ‍ർട്ട് ചെയ്യപ്പെടുകയാണ്. മരണസംഖ്യയും ഇത് പോലെ കൂടുന്നു. ആകെ മരിച്ച 72 കേസുകളിൽ 62-ഉം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏപ്രിൽ മാസത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്