
ദില്ലി: കൊവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ പ്രതിരോധ വകുപ്പിന് കീഴിയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുന്‍പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണി എം.പി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്രപ്രതിരോധമന്ത്രി രാജനാഥ് സിംഗിന് കത്തയച്ചു.
സമീപ ചരിത്രത്തിലൊന്നും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കൊവിഡ് 19 ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുമ്പില്‍ തന്നെയുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനവശ്യമായ ഹസ്മത് സ്യൂട്ടുകള്‍, മാസ്‌ക്കുകള്‍, ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന കോട്ടുകള്‍, ഗ്ലൗസുകള്‍, സംരക്ഷിത കണ്ണടകള്‍ തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാക്കേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണ്.
അന്താരാഷ്ട്ര സാഹചര്യം നോക്കുമ്പോള്‍ കൊവിഡിനെതിരായ പോരാട്ടം നീണ്ടു നില്‍ക്കുന്ന ഒന്നാണ്. അങ്ങനെയെങ്കില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വെന്‍ഡിലേറ്ററുകള്‍, റെസ്പിറേറ്ററുകള്‍, സാനിറ്റൈസറുകള്‍, ഓക്‌സിജന്‍ മാസ്‌ക്കുകള്‍, ഓക്‌സിജന്‍ നല്‍കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവും കൂടുതലായി വേണ്ടിവരും. അത്തരമൊരു അപകട സാഹചര്യം മുന്നില്‍ കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളായ ഡി.ആര്‍.ഡി.ഒ, ഓഡിനന്‍സ് ഫാക്ടറികള്‍, ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രതിബദ്ധത, സാങ്കേതിക ശക്തി, വൈദഗ്ധ്യം എന്നിവ ഇത്തരമൊരു ആവശ്യത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. അതുകൊണ്ടതുന്നെ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ കേന്ദ്രപ്രതിരോധമന്ത്രിയോട് എ.കെ.ആന്റണി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam