കൊവിഡ് 19: ഒരു വര്‍ഷം സെക്സ് പാടില്ല, പകരം ഓം നമഃശിവായ; നിര്‍ദേശവുമായി ഹിന്ദുമഹാസഭ

By Web TeamFirst Published Mar 15, 2020, 5:48 PM IST
Highlights

വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാര്‍ക്ക് ഗോമൂത്രം അയച്ചുകൊടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു.


ദില്ലി: ഗോമൂത്ര പാര്‍ട്ടിക്ക് ശേഷം കൊറോണ പടരാതിരിക്കാന്‍ അഖില ഭാരത ഹിന്ദുമഹാസഭയുടെ പുതിയ നിര്‍ദേശം. കുറഞ്ഞത് ഒരു വര്‍ഷം വരെ ദമ്പതികള്‍ ശാരീരിക ബന്ധത്തില്‍ നിന്നും സ്നേഹ പ്രകടനങ്ങളില്‍ വിട്ടുനില്‍ക്കാനാണ് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്‍റ് ചക്രപാണി മഹാരാജ് നിര്‍ദേശിച്ചത്. "ഒരു വര്‍ഷം മുഴുവന്‍ ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാര്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായവരും നിര്‍ദേശം പാലിക്കണം. ആളുകള്‍ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണം"-ചക്രപാണി പറഞ്ഞു. 

വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാര്‍ക്ക് ഗോമൂത്രം അയച്ചുകൊടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.

ശനിയാഴ്ചയാണ് കൊവിഡ് 19ല്‍ നിന്ന് രക്ഷനേടാന്‍ ചക്രപാണിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഏകദേശം 200 പേര്‍ പാര്‍ട്ടിക്കെത്തി ഗോമൂത്രം കുടിച്ചു. കൂടുതല്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുമെന്നും എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  നേരിട്ട് ഗോമൂത്രം കുടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഡിസ്റ്റില്‍ ചെയ്ത മൂത്രം കുടിക്കണം. തേന്‍, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീര്‍ എന്നിവയില്‍ ഗോമൂത്രവും ചാണകവും മിശ്രിതപ്പെടുത്തി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

click me!