
അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്ക്. രാജ്യസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. മാര്‍ച്ച് 26നാണ് ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ്. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്വീകരിച്ചു. രാജി സമര്‍പ്പിച്ച എംഎല്‍എമാരുടെ പേര് വിവരം തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് നാല് കോണ്‍ഗ്രസ് എംപിമാര്‍ രാജി സമര്‍പ്പിച്ചത്. അവരുടെ വിവരങ്ങള്‍ തിങ്കളാഴ്ച നിയമസഭ സമ്മേളനത്തില്‍ വെളിപ്പെടുത്തും-ത്രിവേദി പറഞ്ഞു. 182 അംഗ നിയമസഭയില്‍ 73 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. നാല് പേര്‍ രാജിവെച്ചാല്‍ 69 ആയി ചുരുങ്ങും. എംഎല്‍എമാര്‍ കൂറുമാറുമെന്ന ഭീതിയെത്തുടര്‍ന്ന് 14 പേരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരുന്നു.
അഭയ് ഭരദ്വാജ്, റമില ബാര, നര്‍ഹാരി അമിന്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. രണ്ട് പേരെയാണ് ബിജെപിക്ക് രാജ്യസഭയിലേക്ക് അയക്കാനാകുക. എന്നാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ സ്വന്തം പാളയത്തെത്തിച്ച് മൂന്ന് പേരെയും ജയിപ്പിക്കാനാണ് ബിജെപി ശ്രമം. ശക്തി സിംഗ് ഗോഹില്‍, ഭരത് സിംഗ് സോളങ്കി എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
തിങ്കളാഴ്ച രാജിസമര്‍പ്പിച്ച എംഎല്‍എമാരുടെ പേര് വിവരം പുറത്തായാല്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കും.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും അനുകൂലികളും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാറിന്‍റെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ താഴെവീഴും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam