
ദില്ലി: രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മദ്ധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. തെലങ്കാനയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയിട്ടുണ്ട്. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ഈ വിവരം ഇത് വരെ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.
കൂടുതൽ കൊവിഡ് രോഗബാധിതരെ കണ്ടെത്തിയതിന് പിന്നാലെ സർക്കാർ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെലങ്കാനയിൽ ഇന്തോനേഷ്യൻ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിലെ കരിംനഗറിലെത്തിയ പത്ത് പേരുടെ ഇന്തോനേഷ്യൻ സംഘത്തിലെ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ ജബൽപൂരിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഗായിക കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ പത്തോളം എംപിമാർ സ്വയം നിരീക്ഷണത്തിലായി. കനിക ലഖ്നൗവിൽ പങ്കെടുത്ത ഡിന്നർ പാർട്ടിയിൽ രാജസ്ഥാൻ എംപി ദുഷ്യന്ത് സിംഗും പങ്കെടുത്തിരുന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകനാണിദ്ദേഹം. വസുന്ധരയും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. ദുഷ്യന്ത് സിംഗുമായി അടുത്തിടപഴകിയ പത്തോളം എംപിമാരാണ് സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ മൂന്നു എംഎൽഎ മാരും സ്വയം നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam