ഷീന ബോറ വധക്കേസ്: പ്രതി പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായി

Web Desk   | Asianet News
Published : Mar 20, 2020, 10:23 PM ISTUpdated : Mar 20, 2020, 10:30 PM IST
ഷീന ബോറ വധക്കേസ്: പ്രതി പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായി

Synopsis

ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ 2015 നവംബര്‍ 25നാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്.  

മുംബൈ: ഷീന ബോറ വധക്കേസില്‍ പ്രതിയായ പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായി. നാല് വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവിലാണ് ആര്‍തര്‍റോഡ് ജയിലില്‍ നിന്ന് രാത്രി 8.45 ഓടെ പീറ്റര്‍ മുഖര്‍ജി മോചിതനായത്. ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ 2015 നവംബര്‍ 25നാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. പീറ്റര്‍ മുഖര്‍ജി നല്‍കിയ ജാമ്യാപേക്ഷബോംബേ ഹൈക്കോടതി ആറാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇത് വ്യാഴാഴ്ച തീര്‍ന്ന സാഹചര്യത്തിലാണ് ജയിലില്‍ മോചനം ലഭിച്ചത്. 

വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നില്ല. മുന്‍ ഭാര്യ ഇന്ദ്രാണി മുഖര്‍ജിക്കും അവരുടെ മകള്‍ ഷീന ബോറയ്ക്കുമൊപ്പം താമസിച്ചിരുന്ന മുംബൈയിലെ വാര്‍ലിയിലെ ബംഗ്ലാവിലായിരിക്കും പീറ്റര്‍ മുഖര്‍ജി തുടര്‍ന്ന് താമസിക്കുക. ഇന്ദ്രാണി മുഖര്‍ജിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു ഷീന ബോറ. ഇന്ദ്രാണിയും ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഷീന കൊല്ലപ്പെടുമെന്ന് പീറ്റര്‍ മുഖര്‍ജിക്ക് അറിയാമായിരുന്നു. നിശബ്ദനായ കൊലയാളിയെന്നാണ് കോടതി പീറ്റര്‍ മുഖര്‍ജിയെ വിശേഷിപ്പിച്ചത്. 

ഷീന ബോറയെ തന്റെ മകളായി ഇന്ദ്രാണി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഷീനയും അമ്മയുടെ സമ്പത്തിന്റെ താരത്തിളക്കത്തില്‍ നിന്നും കഴിയുന്നത്ര ദൂരെ മാറിനിന്നു. മുംബൈ മെട്രോ വണ്ണില്‍ എച്ച് ആര്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷീന ഒരൊറ്റ തെറ്റുമാത്രമേ ചെയ്തുള്ളൂ. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലെ മകന്‍ രാഹുലിനെ പ്രണയിച്ചു. അവനോടൊപ്പം ഒരു വിവാഹജീവിതം കരുപ്പിടിപ്പിക്കാന്‍ ആഗ്രഹിച്ചു. അതിനെതിരായിരുന്നു ഇന്ദ്രാണി.

മകളെ രാഹുലുമായുള്ള പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്ദ്രാണി പരമാവധി ശ്രമിച്ചെങ്കിലും ഷീന വഴങ്ങിയില്ല. രാഹുല്‍ മുറയ്ക്ക് ഇന്ദ്രാണിയ്ക്ക് മകനായി വരും. അതുകൊണ്ടുതന്നെ അങ്ങനെയൊരു ബന്ധം ഇന്ദ്രാണിക്ക് സമ്മതമായിരുന്നില്ല. മാത്രവുമല്ല, ഷീന, പീറ്ററിന്റെ മകന്‍ രാഹുലിനെ വിവാഹം കഴിച്ചാല്‍ പീറ്ററില്‍ നിന്നും തനിക്ക് കിട്ടാനിരിക്കുന്ന സ്വത്തു മുഴുവന്‍ സ്വന്തമാക്കിക്കളയുമോ എന്ന ഭയവും ഇന്ദ്രാണിക്കുണ്ടായിരുന്നു. പീറ്ററും ഇന്ദ്രാണിയും ചേര്‍ന്ന് ഐഎന്‍എക്‌സ് മീഡിയയില്‍ നിന്ന് തട്ടിയെടുത്ത പണം ഷീന ബോറയുടെ പേരില്‍ ഓഫ്‌ഷോര്‍ അക്കൗണ്ടില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍
അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് കുരങ്ങൻ ഓടി മേൽക്കൂരയിൽ കയറി, കിണറ്റിലേക്കിട്ടു, രക്ഷയായത് ഡയപ്പര്‍!