
ദില്ലി: രാജ്യത്ത് ഇന്ന് 2,82,970 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 441 മരണം കൂടി ഔദ്യോഗിക കണക്കിൽ ചേർത്തിട്ടുണ്ട്. നിലവിൽ പതിനെട്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 18,31,000 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം. ഇത് വരെ 8,961 പേർക്കാണ് കൊവിഡ് 19 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
1.88 ലക്ഷം പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 93.88 ശതമാനമാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 17 ലക്ഷം പുതിയ കേസുകൾ സ്ഥിരീകരിച്ചുവെങ്കിലും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണം കുറവാണ്. രണ്ടാം തരംഗ കാലത്തുണ്ടായത് പോലുള്ള ബുദ്ധിമുട്ട് ഇത് വരെ ആശുപത്രികളിൽ ഉണ്ടായിട്ടില്ല. എന്നാൽ ചില സംസ്ഥാനങ്ങൾ ഓക്സിജൻ കിടക്കകളുടെ ഉപയോഗത്തിൽ 10 ശതമാനം വരെ വർദ്ധന വേണ്ടി വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇതിനിടെ രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങൾ പുറത്ത് വിട്ടതിനേക്കാൾ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സർക്കാരുകൾ സുപ്രീം കോടതിയിൽ നൽകിയ കണക്കുകളാണ് ഈ സൂചന നൽകുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയർന്ന മരണനിരക്കിലേക്ക് വിരൽ ചൂണ്ടുന്നത്.
ഗുജറാത്തും തെലങ്കാനയും സമർപ്പിച്ച കണക്ക് വച്ച് ഇവിടെ ഏഴ് മുതൽ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോൾ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്. സുപ്രീം കോടതിയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മരണ കണക്ക് കൂടുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്.
ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. പുതിയ മാർഗനിർദ്ദേശം അനുസരിച്ച് ഗുജറാത്തിൽ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മരണ കണക്ക് പതിനായിരത്തിന് അടുത്താണ്. ഇത് വരെ 68,370 അപേക്ഷകളിൽ സംസ്ഥാനം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. 58,840 കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകി.
തെലങ്കാനയാണ് ഉയർന്ന മരണ കണക്ക് പുറത്ത് വരുന്ന മറ്റൊരു സംസ്ഥാനം. നാലായിരത്തിന് അടുത്ത് ഔദ്യോഗിക മരണം മാത്രമുള്ള ഇവിടെ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളിൽ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കിൽ ഇത് വരെ കിട്ടിയത് രണ്ടേകാൽ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam