രാജ്യത്ത് എത്ര രൂപയ്ക്ക് കൊവിഷീൽഡ് കിട്ടും? വില പ്രഖ്യാപിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്

By Web TeamFirst Published Apr 21, 2021, 1:51 PM IST
Highlights

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന് ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് ഐസിഎംആർ അറിയിച്ചത്. രാജ്യത്ത് അതീവവ്യാപനശേഷിയുള്ള B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയായിരുന്നു. 

ദില്ലി: പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് വില പ്രഖ്യാപിച്ചു. സംസ്ഥാനസർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീൻ നൽകാനാണ് തീരുമാനം. 

സ്വകാര്യവിപണിയിലുള്ള ആഗോള വാക്സീനുകൾക്ക് കൊവിഷീൽഡിനേക്കാൾ വില അധികമാണെന്നും ട്വിറ്ററിൽ പങ്കുവച്ച പ്രസ്താവനയിൽ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വ്യക്തമാക്കി. അമേരിക്കൻ വാക്സീനുകൾക്ക് ഡോസൊന്നിന് 1500 രൂപയാണ് വില. റഷ്യൻ വാക്സീനുകൾക്ക് 750 രൂപ, ചൈനീസ് നിർമിത വാക്സീനുകൾക്ക് 750 രൂപ എന്നിങ്ങനെയാണ് വില. ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യൻ നിർമിത വാക്സീനുകൾ എത്രയോ ചെലവ് കുറഞ്ഞതാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി വ്യക്തമാക്കുന്നു. 

മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. എന്നാൽ പൊതുവിപണിയിൽ വാക്സീൻ ലഭ്യമാക്കുമെങ്കിലും കടകളിലൂടെ വിറ്റഴിക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന് ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് ഐസിഎംആർ അറിയിച്ചത്. രാജ്യത്ത് അതീവവ്യാപനശേഷിയുള്ള B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയായിരുന്നു. 

Read more at: ആവശ്യത്തിന്‍റെ പത്തിലൊന്ന് ഡോസ് പോലും നിർമിക്കാനാകുന്നില്ല, വാക്സീൻ പ്രതിസന്ധി രൂക്ഷം

click me!