കൊവിഡ് നൽകുന്നത് സ്വയം പര്യാപ്തതയുടെ പാഠമെന്ന് മോദി: ഇ- ഗ്രാം സ്വരാജ് ആപ്പ് പുറത്തിറക്കി

By Web TeamFirst Published Apr 24, 2020, 12:07 PM IST
Highlights

രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട സർപ‍ഞ്ചുമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോർട്ടലും മോദി ഉദ്ഘാടനം ചെയ്തു.

ദില്ലി: കൊവിഡ് രോഗവ്യാപനവും പ്രതിസന്ധിയും സ്വയംപര്യാപ്തതയുടെ പാഠം കൂടി നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ രാജ്യത്തെ പകുതിയോളം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് കണക്ഷൻ സംവിധാനമുണ്ട്. ഇത് വഴി ഇപ്പോൾ സംസാരിക്കാൻ കഴിയുന്നത് സാങ്കേതികവിദ്യയുടെ ഗുണമാണെന്നും പഞ്ചായത്തീരാജ് ദിനവുമായി ബന്ധപ്പെട്ട് സർപഞ്ചുമാരുമായി സംസാരിക്കുമ്പോൾ മോദി പറഞ്ഞു. ഇതോടൊപ്പം, പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോർട്ടലുമായ ഇ-ഗ്രാം സ്വരാജ് ആപ്പും പോർട്ടലും മോദി ഉദ്ഘാടനം ചെയ്തു. 

''സ്വയം പര്യാപ്തതയുണ്ടാകണം എന്ന പാഠമാണ് കൊറോണവൈറസ് രോഗബാധ നൽകുന്നത്. എല്ലാ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം. ജില്ലകളും'', എന്ന് മോദി. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം സുശക്തമാകും. ഇ - ഗ്രാം സ്വരാജ് ആപ്ലിക്കേഷനിലൂടെ സുതാര്യത ഉറപ്പാകും. രേഖകൾ സൂക്ഷിക്കുന്നത് എളുപ്പമാകും. പദ്ധതികൾ പെട്ടെന്ന് നടപ്പാക്കാനാകും - എന്ന് മോദി വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്‍റെ സൗമിത്ര യോജന പ്രകാരം ഓരോ വില്ലേജിലെയും ഡ്രോൺ മാപ്പിംഗ് പൂർത്തിയാക്കും. ഭൂരേഖകൾ അവിടത്തെ ജനങ്ങൾക്ക് ലഭ്യമാക്കും. ഇത് അതിർത്തി തർക്കങ്ങൾ പരിഹരിക്കും. ഭൂമി പണയം വച്ചുള്ള ലോൺ ലഭ്യത എളുപ്പമാക്കുകയും ചെയ്യുമെന്ന് മോദി.

പ്രശ്നങ്ങളുണ്ടാകുമ്പോഴേ, അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം നമുക്കുണ്ടാകൂ. അത്തരം ആത്മവിശ്വാസമാണ് ഇന്ത്യയിലെ ഗ്രാമങ്ങൾ നൽകിയത്. സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നോ ക്വാറന്‍റീൻ എന്നോ വലിയ വാക്കുകൾ ഉപയോഗിക്കാതെ രണ്ടടി ദൂരം എന്ന ചെറിയ വാക്കിലൂടെ രാജ്യത്തെ ഗ്രാമങ്ങൾ പ്രശ്നങ്ങളെ നേരിട്ടു. തീർച്ചയായും ഇനിയും പ്രശ്നങ്ങളും പ്രതിസന്ധിയുമുണ്ടാകുമെന്നും, അതിനെയെല്ലാം രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് മോദി.

click me!