കൊവിഡ് പ്രതിരോധത്തിന് പൊലീസ്; പുതിയ നയങ്ങളിൽ വിയോജിപ്പറിയിച്ച് ഐഎംഎയും കെജിഎംഒഎയും

By Web TeamFirst Published Aug 4, 2020, 12:29 PM IST
Highlights

കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്തിരുന്ന ജോലി കൂടി ഏൽപ്പിച്ച് പൊലീസിന് സർവ്വസ്വാതന്ത്രം നൽകികൊണ്ടാണ് സർക്കാർ നയം മാറ്റം പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക എതിർപ്പാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ചുമതല പൊലീസിന് നൽകിയതിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി. കെജിഎംഒഎയും ഐഎംഎയും ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയനും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 

കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്തിരുന്ന ജോലി കൂടി ഏൽപ്പിച്ച് പൊലീസിന് സർവ്വസ്വാതന്ത്രം നൽകികൊണ്ടാണ് സർക്കാർ നയം മാറ്റം പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക എതിർപ്പാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ. ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും കടുത്ത അതൃപ്തിയാണ് അറിയിക്കുന്നത്. തീരുമാനം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം തകർക്കുമെന്നാണ് ഐഎംഎ വിമർശനം.

തുടക്കം മുതൽ  സമ്പർക്ക പട്ടിക തയാറാക്കൽ മുതൽ, പ്രതിരോധ മേൽനോട്ട ചുമതല വഹിച്ച ഹെൽത്ത് ഇൻസ്പെക്ടർമാർക്കമുണ്ട് അമർഷം. കൊവിഡ് പ്രതിരോധത്തിനായി ആക്ഷൻപ്ലാനുമായി രാവിലെ മുതൽ പൊലീസ് രംഗത്തുണ്ട്. 

കൊവിഡ് പ്രതിരോധം ദുര്‍ബലമായെന്ന് പറയാതെ പറഞ്ഞാണ് ഐഎംഎ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കലടക്കം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ചെയ്യേണ്ടത് പൊലീസാണോ എന്നാണ് ഐഎംഎ ചോദിക്കുന്നത്. നിയന്ത്രിത മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു.

ആയുഷ് വകുപ്പിന്‍റെ നിര്‍ദേശം അനുസരിച്ച് രോഗ പ്രതിരോധ ശേഷി കിട്ടാൻ ഹോമിയോ മരുന്ന് കഴിക്കുന്നത് അശാസ്ത്രീയമാണെന്നും ഐഎംഎ പറയുന്നു. ഇത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രോൽസാഹിപ്പിക്കുന്നത് സാധാരണക്കാരില്‍ മിഥ്യാ ധാരണ ഉണ്ടാക്കുമെന്നും ഇത് മാറ്റാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

കൊവിഡ് പരിശോധനകള്‍ കൂട്ടി എന്ന സര്‍ക്കാര്‍ അവകാശവാദത്തേയും ഐഎംഎ ഖണ്ഡിക്കുന്നു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം. ഫലം കൃത്യമായി അറിയിക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ച രോഗ പ്രതിരോധത്തില്‍ തിരിച്ചടിയാകും. 

ആരോഗ്യ പ്രവര്‍ത്തകരിലെ രോഗ ബാധക്ക് കാരണം സുരക്ഷ ഉപകരണങ്ങളുടെ കുറവാണെന്നും ഇവ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഡോക്ടര്‍മാരുടെ സംഘടന കുറ്റപ്പെടുത്തുന്നു. ചികില്‍സിക്കാൻ ആരോഗ്യ പ്രവര്‍ത്തകരില്ലാത്ത അവസ്ഥ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. 

click me!