മദ്യാസക്തിക്ക് വേണ്ടത് മരുന്നും കൗൺസിലിംഗും; മദ്യം പരിഹാരമല്ലെന്ന് ഐഎംഎ ദേശീയ ഘടകം

By Web TeamFirst Published Mar 31, 2020, 2:35 PM IST
Highlights

മദ്യാസക്തി കൂടിയവരെ  ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ദില്ലിയിൽ നി‍ർദ്ദേശം. തെലങ്കാനയിലും , ആന്ധ്രയിലും മദ്യശാലകൾ തുറന്നെന്ന വ്യാജപ്രചരണങ്ങളാണ് സ‍ർക്കാരിന് തലവേദനയാകുന്നത്. 

ദില്ലി: ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്ന  കേരള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം കേരളത്തിലല്ലാതെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്ന വാദം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകൾ.  ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം മദ്യക്കടകളെല്ലാം അടച്ചത് സാമൂഹിക പ്രത്യാഘാതവും അമിത മദ്യാസക്തിയുള്ളവരിൽ ആത്മഹത്യ അടക്കമുള്ള പ്രവണതകളും കൂട്ടുന്നു എന്ന ന്യായം പറഞ്ഞാണ് 
അമിത മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നാണ് കേരളത്തിൽ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം മുന്നോട്ട് വച്ചത്.

അതേസമയം ദില്ലി, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ലോക്ഡൗണിന് ശേഷം വ്യാജമദ്യവിൽപനക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശമാണ് സർക്കാരുകൾ നൽകിയത്. മദ്യാസക്തി കൂടിയവരെ  ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ദില്ലിയിൽ നി‍ർദ്ദേശം. തെലങ്കാനയിലും , ആന്ധ്രയിലും മദ്യശാലകൾ തുറന്നെന്ന വ്യാജപ്രചരണങ്ങളാണ് സ‍ർക്കാരിന് തലവേദനയാകുന്നത്. മഹാരാഷ്ട്രയിൽ ഓൺലൈൻ വഴി മദ്യവിൽപനയെന്ന പേരിലും  തട്ടിപ്പ് നടക്കുന്നുണ്ട്.  

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരന്പരാഗത മദ്യ വിൽപന പൂർണ്ണമായി നിയന്ത്രിക്കാനായിട്ടില്ല . സാഹചര്യങ്ങൾ ഇങ്ങനെ ആയിരുന്നിട്ടും  ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന നിർദ്ദേശം മറ്റൊരു സംസ്ഥാന സർക്കാരും  എടുത്തിട്ടില്ലെന്ന് ഐഎംഎ ദേശീയ ഘടകം പറയുന്നു. 

മദ്യാസക്തി നിയന്ത്രിക്കാൻ മദ്യം നൽകുന്നതിന് പകരം മരുന്നുകളും  കൗൺലിങ്ങുമാണ് ചികിത്സ രീതി. ഇക്കാര്യങ്ങൾ ഊർജ്ജിതമാക്കാനാണ് സർക്കാർ‍ ശ്രമിക്കേണ്ടതെന്നാണ് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.

 

click me!