രാജ്യത്ത് സമൂഹവ്യാപനമോ? ഒറ്റ ദിവസം 227 കേസ്, 3 പേരിൽ തുടങ്ങി 1000 തൊട്ട നാൾവഴി

By Web TeamFirst Published Mar 31, 2020, 2:24 PM IST
Highlights

നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ആയിരക്കണക്കിന് പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോയിട്ടുണ്ട്. മാർച്ച് 30-ന് മാത്രം 227 പേർ പുതുതായി രോഗബാധിതരായെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലും ഇന്ത്യയിൽ സാമൂഹ്യവ്യാപനമില്ലെന്ന നിലപാടിലാണ് കേന്ദ്രം. 

(തയ്യാറാക്കിയത്: അരുൺ രാജ് കെ എം, സാവിത്രി ടി എം)

ദില്ലി: മാർച്ച് 30-ന് ഇന്ത്യയിൽ ഒറ്റ ദിവസം കൊണ്ട് 227 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ദില്ലി നിസാമുദ്ദീനും കേരളത്തിലെ കാസർകോടും പത്തനംതിട്ടയുമടക്കം പത്ത് ഹോട്ട് സ്പോട്ടുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയും രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. ഇന്നും കേസുകളുടെ എണ്ണം ഇതുവരെയുള്ളതിൽ നിന്ന് കുത്തനെ കൂടാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ഫെബ്രുവരിയിൽ കേരളത്തിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ രാജ്യത്ത് മറ്റെവിടെയും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ മാർച്ച് മാസത്തിൽ മൂന്നിൽ നിന്ന് ആയിരത്തിലേക്ക് രോഗികളുടെ എണ്ണം വളരുന്നത് കണ്ടു. ആദ്യ കേസിൽ നിന്ന് 100 കേസിലേക്കെത്താൻ രാജ്യത്ത് 44 ദിവസമെടുത്തെങ്കിൽ, 100-ൽ നിന്ന് 500-ലേക്ക് എത്താൻ പത്ത് ദിവസവും അഞ്ഞൂറിൽ നിന്ന് ആയിരത്തിലേക്ക് എത്താൻ വെറും അഞ്ച് ദിവസവും മാത്രമാണ് എടുത്തത്. 

ഞായറാഴ്ച വരെ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്ക് പ്രകാരം ആകെ ടെസ്റ്റ് ചെയ്യപ്പെട്ടത് 35,000-ത്തോളം പേർ മാത്രമാണ്. ഇത് രാജ്യത്തെ ജനസംഖ്യയുടെ വളരെ ചെറിയ അംശം മാത്രമാണ്. രാജ്യത്ത് ഇതുവരെ 113 സർക്കാർ ലാബുകളും 47 പ്രൈവറ്റ് ലാബുകളുമാണ് കൊവിഡ് ടെസ്റ്റിന് ഔദ്യോഗികാനുമതിയോടെ പ്രവർത്തിക്കുന്നത്. ഇതിന് പിന്നാലെ പെട്ടെന്ന് ഫലം ലഭിക്കാൻ റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനവും രാജ്യത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റിംഗ് നടത്തിയ സംസ്ഥാനം കേരളവും മഹാരാഷ്ട്രയുമാണ്. ജാർഖണ്ഡുൾപ്പടെ തീർത്തും പിന്നോക്കാവസ്ഥയിലുള്ള ചില സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസം വരെ ടെസ്റ്റുകൾ നടത്തിയിരുന്നേയില്ലെന്നും തുറന്ന് സമ്മതിച്ചിട്ടുണ്ട്.

രോഗനിർണയം നടത്താനും, സമൂഹവ്യാപനമുണ്ടോ എന്ന് കണ്ടെത്താനും പരമാവധി ടെസ്റ്റുകൾ നടത്തണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സംശയം തോന്നുന്നവരെയെല്ലാം പരിശോധിച്ചാലല്ലാതെ രോഗവ്യാപനത്തിന്‍റെ ഏത് ഘട്ടത്തിലാണ് രാജ്യമെന്ന് കണ്ടെത്താനാകില്ല.

രോഗികളുടെ എണ്ണം കുത്തനെ പെരുകിയതിന് പിന്നിൽ ടെസ്റ്റിംഗ് സംവിധാനം നടപ്പാക്കാൻ വൈകിയതാണെന്ന് വിമർശിക്കപ്പെട്ട അമേരിക്ക പോലും മാർച്ച് 26 വരെ ഏതാണ്ട് അഞ്ചര ലക്ഷം പേരെ പരിശോധിച്ചിരുന്നുവെന്നതാണ് വസ്തുത. 

മാർച്ച് മാസത്തിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയതെങ്ങനെ?

വിദേശത്ത് നിന്ന് രോഗവാഹകരായി എത്തിയവരെ കൃത്യമായി വിമാനത്താവളങ്ങളിൽ പരിശോധിക്കാൻ കഴിയാതിരുന്നതാണ് രാജ്യത്ത് കൊവിഡ് രോഗബാധ പടരാൻ കാരണമായതെന്ന ആദ്യ വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങിയത് വൈകിയാണ്. അതിനാൽത്തന്നെ വിമാനത്താവളങ്ങളിൽ നിന്ന് വീട്ടിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കും രോഗവ്യാപനം നടക്കുന്ന ആദ്യഘട്ടം നടന്നു. ഇതാണ് മാർച്ച് ആദ്യവാരം സംഭവിച്ചത്. മാർച്ച് രണ്ടാം വാരം മാത്രമാണ് വിമാനത്താവളങ്ങളിൽ കൊവിഡ് സ്ക്രീനിംഗിനായി തെർമൽ സ്കാനിംഗ് നടത്താനുള്ള ഔദ്യോഗിക ഉത്തരവിറങ്ങിയത്.

അവിടെ നിന്ന് രണ്ടാംഘട്ട രോഗവ്യാപനം തുടങ്ങുകയായിരുന്നു. വിദേശത്ത് നിന്ന് വന്നവരുമായി ഇടപഴകുകയോ, അവരുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്തവർക്ക് രോഗം പകർന്നു. അവരിൽ നിന്ന് അടുത്ത ബന്ധം പുലർത്തിയവരിലേക്കും രോഗമെത്തി. അപ്പോഴും എവിടെ നിന്നാകാം രോഗം വന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നു. അതിനാൽ, രാജ്യത്ത് ഇനിയും സമൂഹവ്യാപനമില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു.

നിലവിൽ ഈ ഘട്ടത്തിലാണ് രാജ്യമെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. എവിടെ നിന്നാണ് രോഗം വന്നതെന്ന് മിക്ക രോഗികളിലും കണ്ടെത്താനാകുന്നുണ്ട്. ഒരു രോഗിയ്ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് പറയാനാകുന്നില്ലെങ്കിൽ അവിടെ സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടം തുടങ്ങിയെന്നാണ് അർത്ഥം. അത്തരത്തിലൊരു സ്ഥിതി രാജ്യത്തില്ല എന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. 

അത്തരത്തിൽ കമ്മ്യൂണിറ്റി സ്പ്രെഡിംഗ്, അഥവാ സമൂഹവ്യാപനം തുടങ്ങിയെങ്കിൽ അത് ആദ്യം നിങ്ങളെ അറിയിക്കുക കേന്ദ്രസർക്കാ‍ർ തന്നെയായിരിക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ തിങ്കളാഴ്ചയും വ്യക്തമാക്കിയത്. 

എന്നാൽ, ഇന്ത്യയിൽ രോഗവ്യാപനം നടന്ന മാർച്ച് മാസത്തിൽ 3-ൽ നിന്ന് ആയിരത്തിലേക്ക് രോഗികളുടെ എണ്ണം കൂടിയതെങ്ങനെ എന്ന് കാണാം:

 

- അതാത് തീയതികൾ കിട്ടാൻ ഹൈലൈറ്റ് ചെയ്ത ഇടത്ത് കർസർ വയ്ക്കുക -
(നീല - ആകെ കേസുകൾ, ഓറഞ്ച് - ദിവസം തോറുമുള്ള പുതിയ കേസുകൾ, പച്ച - ദിവസം തോറുമുള്ള മരണം, പർപ്പിൾ - ദിവസം തോറും രോഗം ഭേദപ്പെട്ടവർ)

ഇതിൽ പ്രധാനപ്പെട്ട ചില തീയതികൾ ശ്രദ്ധിക്കണം:

മാർച്ച് 1-ന് കേരളത്തിലെ മൂന്ന് കേസുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. അവർ മൂന്ന് പേരും രോഗം ഭേദമായവരുമായിരുന്നു.

മാർച്ച് 4-നാണ് ആദ്യമായി കേസുകളുടെ എണ്ണത്തിൽ ആദ്യത്തെ കുതിച്ചുചാട്ടം ഉണ്ടാകുന്നത്. 14 ഇറ്റാലിയൻ സ്വദേശികളും, ആഗ്രയിലെ ആറ് പേർക്കും കൊവിഡ് രോഗം സ്ഥിരീകരിക്കുന്നു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 28 ആയി ഉയരുന്നു.

മാർച്ച് 14-നാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നത്. അന്നാണ് അതേവരെ ഏറ്റവും കൂടുതൽ കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിച്ചത്. 16 കേസുകൾ. അന്നേ ദിവസം ആദ്യമായി രാജ്യത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തു. കർണാടക കലബുറഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന വൃദ്ധനാണ് ആദ്യമായി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

മാർച്ച് 20-നാണ് പ്രതിദിന കേസുകൾ ആദ്യമായി 50 കടക്കുന്നത്. അന്നേ ദിവസം 59 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ കേസുകൾ 258 ആയി ഉയർന്നു. അന്നേ ദിവസത്തിന് ശേഷം, മാർച്ച് 23 വരെ എല്ലാ ദിവസവും അൻപതിലധികം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

മാർച്ച് 23-ന് രാജ്യത്ത് ആകെ കേസുകൾ അഞ്ഞൂറ് കടന്നു. അന്നേ ദിവസം തന്നെയാണ് പ്രതിദിനം നൂറിലധികം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് മാർച്ച് 23 ആയപ്പോഴേക്ക് ആകെ കൊവിഡ് കേസുകൾ 505 ആയി.

മാർച്ച് 24-നാണ് പ്രധാനമന്ത്രി ദേശവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

മാർച്ച് 28-ന് രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ആകെ കേസുകൾ 1024 ആയി. 

മാർച്ച് 30-നാണ് രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 200 കവിയുന്നത്. ഒറ്റദിവസം 227 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. (ജില്ലാ തലത്തിൽ വിവരങ്ങൾ പൂർണമായും ലഭിക്കാത്തതിനാൽ ഇതുവരെ മാർച്ച് 30-ലെ ആകെ കേസുകളുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല)

കേസുകൾ കൂടിയതിൽ ദിവസങ്ങളുടെ ഇടവേള ഇങ്ങനെ:

ആദ്യ കേസിൽ നിന്ന് നൂറ് കേസുകളിലേക്ക് എത്താൻ: 44 ദിവസം

100 കേസുകളിൽ നിന്ന് 500 കേസുകളിലേക്ക്: 10 ദിവസം

500 കേസുകളിൽ നിന്ന് 1000 കേസുകളിലേക്ക്: വെറും അഞ്ച് ദിവസം

നിസ്സാമുദ്ദീനും, കൂട്ടപ്പലായനവും എന്ത് പ്രത്യാഘാതമുണ്ടാക്കും?

വിദേശത്ത് നിന്ന് ആളുകൾ വന്നത് തടയാനായില്ല എന്നതിന് പുറമേ, നിസ്സാമുദ്ദീനിൽ നടന്ന മതചടങ്ങിൽ ആയിരക്കണക്കിന് പേർ വന്നു പോയി എന്നതും, ലോക്ക് ഡൗണിൽ വരുമാനവും ഭക്ഷണവും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേർ അതിർത്തി ദില്ലിയിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും, തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്കും മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്കും നടന്ന് കൂട്ടത്തോടെ പലായനം നടത്തി എന്നതും, സാമൂഹ്യവ്യാപനം രാജ്യത്തുണ്ടോ എന്നതിനെക്കുറിച്ച് തീർത്തും പുകമറ സൃഷ്ടിക്കുന്നതാണ്. 

ഇങ്ങനെ തിരികെ എത്തിയവരെല്ലാം രോഗലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടോ എന്നും, ആരെയെല്ലാം നിരീക്ഷണത്തിലാക്കണം എന്നതും, വലിയ തലവേദനയാണ് രാജ്യത്തെ ആരോഗ്യസംവിധാനത്തിനുണ്ടാക്കിയതെന്ന് വ്യക്തമാണ്.

നിലവിൽ (30-03-20, രാത്രി 9.30 വരെയുള്ള കണക്കും, സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കണക്കും പ്രകാരം) ഓരോ സംസ്ഥാനങ്ങളിലും ഉള്ള കേസുകളുടെ എണ്ണം താഴെക്കാണുന്നത് പോലെയാണ്. വരും ദിവസങ്ങളിൽ ഈ കണക്കിലൊരു കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് തന്നെയാണ് ഇതുവരെയുള്ള കണക്കുകളും, നിലവിൽ ലഭിക്കുന്ന സൂചനകളും വ്യക്തമാക്കുന്നത്.

click me!