ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളിൽ രോഗികൾ

By Web TeamFirst Published Apr 13, 2021, 10:03 AM IST
Highlights

പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. 

ദില്ലി: പ്രതിസന്ധികൾ സൃഷ്ടിച്ച് രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നും ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. 1,61,736 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേതിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 12,64,698 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുംഭമേളയിൽ 18,169 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ  പങ്കെടുത്ത 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യൻ നിർമ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നൽകി. മെയ് ആദ്യവാരം മുതൽ വാക്സീൻ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഇന്ന് ഡിസിജിഐയും അനുമതി നൽകിയത്. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത് രാജ്യമായി ഇന്ത്യ മാറി. 

രാജ്യത്ത് വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക്. 91.6% ഫലപ്രാപ്തിയാണ് ഈ വാക്സീനുള്ളത്. 18 വയസിന് മുകളിലുള്ളവർക്ക് മുതൽ വാക്സീൻ ലഭ്യമാക്കാനാണ് തീരുമാനം. 

click me!