കൊവിഡ് വ്യാപനം: കേരളം മാതൃക സ്വീകരിക്കാന്‍ കര്‍ണാടകയോട് വിദഗ്ധര്‍

By Web TeamFirst Published Jul 10, 2020, 4:32 PM IST
Highlights

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാമ്പത്തിക രംഗത്തെ ബാധിക്കില്ലെന്നും അതേസമയം രോഗവ്യാപനം തടയുമെന്നും വിദഗ്ധര്‍ വിലയിരുത്തി.
 

ബെംഗളൂരു: കൊവിഡ് നിയന്ത്രണത്തിന് കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് വിദഗ്ധരുടെ നിര്‍ദേശം. കേരളം നടപ്പാക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാതൃക ബെംഗളൂരുവടക്കമുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ നടപ്പാക്കാനാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ട്രിപ്പിള്‍ ലോക്ക് മാതൃക കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം 94 ശതമാനം കുറച്ചുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സമൂഹവ്യാപന സാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്. 

കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെംഗളൂരുവിലെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് കൊവിഡ് ഓപ്പറേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. സിഎന്‍ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും അതേസമയം രോഗവ്യാപനം തടയുമെന്നും വിദഗ്ധര്‍ വിലയിരുത്തി. ഇന്റര്‍‌സ്റ്റേറ്റ്, ഇന്റര്‍ ഡിസ്ട്രിക്ട് ഗതാഗതം നിരോധിക്കാനും കുടിയേറ്റ തൊഴിലാളികളുടെയും ഇതര സംസ്ഥാനത്തക്കാരുടെയും വരവ് പരിശോധിക്കണമെന്നും സര്‍ക്കാറിനോട് നിര്‍ദേശിച്ചു. വ്യവസായം, നിര്‍മാണം തുടങ്ങിയ മേഖലകളെ ബാധിക്കാതെ തന്നെ ഇത്തരത്തില്‍ രോഗവ്യാപനം തടയാനാകുമെന്നും വിദഗ്ധര്‍ സര്‍ക്കാറിനോട് ഉപദേശിച്ചു. തൊഴിലാളികളുടെ യാത്ര നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

എന്നാല്‍, ഒരു വിഭാഗം ട്രിപ്പിള്‍ ലോക്ക്ഡൗണിന് അനുകൂലമല്ല. പരിശോധന വര്‍ധിപ്പിക്കാനും മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുമാണ് ഒരു വിഭാഗം പറയുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് പോകാതെ നിലവിലെ ലോക്ക്ഡൗണ്‍ കാര്യക്ഷമമാക്കുകയും പരിശോധന വര്‍ധിപ്പിക്കുകയും ചെയ്താല്‍ ഫലം കാണുമെന്ന് എച്ച്1എന്‍1 രോഗവ്യാപനം തടയുന്നതിന് നേതൃത്വം നല്‍കിയ ഡോ. ശശിധര്‍ ബഗ്ഗി പറഞ്ഞു. 
 

click me!