ഇളവുകൾ പിൻവലിക്കാൻ കേരളം; ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല, ബാർബർ ഷോപ്പുകൾ അടയ്ക്കും

By Web TeamFirst Published Apr 20, 2020, 12:21 PM IST
Highlights

ലോക്ക് ഡൗണിൽ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് കേരളം തിരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാം ഇളവുകൾ നൽകാമെന്ന് കാട്ടിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വീണ്ടും അയച്ചുകൊണ്ടാണ്, നിലവിൽ കേരളം പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പാകപ്പിഴകളുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

ദില്ലി/ തിരുവനന്തപുരം: നിലവിൽ ലോക്ക് ഡൗണിൽ നൽകിയിരിക്കുന്ന ഇളവുകൾ തിരുത്താൻ തീരുമാനിച്ച് കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇളവുകൾ പിൻവലിക്കാൻ കേരളം തീരുമാനിച്ചത്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടാകില്ല. ബാർബർ ഷോപ്പുകൾ തുറക്കാനുള്ള അനുമതിയും പിൻവലിക്കും. 

ലോക്ക് ഡൗണിൽ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് കേരളം തിരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാം ഇളവുകൾ നൽകാമെന്ന് കാട്ടിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വീണ്ടും അയച്ചുകൊണ്ടാണ്, നിലവിൽ കേരളം പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പാകപ്പിഴകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് കുമാർ ഭല്ല ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്‍റെ ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയിരിക്കുന്ന കത്ത് 'ഡിയർ ടോം' എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. റസ്റ്റോറന്‍റുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുമതി നൽകിയ ഉത്തരവ് തിരുത്തണമെന്നാണ് കേന്ദ്ര നിർദേശം. നേരത്തേ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിലെ ചട്ടങ്ങൾ കേരളം ലംഘിച്ചുവെന്നാണ് കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

ആദ്യം കേന്ദ്രസർക്കാർ അനുമതിയോടെ മാത്രമാണ് ഇളവുകൾ നൽകാനുള്ള ഉത്തരവ് പുറത്തിറക്കിയതെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നത്. ചീഫ് സെക്രട്ടറി പറഞ്ഞതും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് അനുമതി തേടിയിരുന്നു എന്നാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് കേന്ദ്രം തെറ്റിദ്ധാരണ മൂലമാണ് കത്തയച്ചത് എന്നായിരുന്നു.

എന്നാൽ കേന്ദ്രത്തിന്‍റെ കത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉടനടി ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉന്നതതലയോഗത്തിൽ പങ്കെടുത്തു. ഈ അവലോകന യോഗത്തിന് ശേഷമാണ് ഇളവുകൾ തിരുത്താൻ കേരളം തീരുമാനിച്ചത്. 

തിരുത്തുന്നതെന്തൊക്കെ?

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി മാത്രമാണ് നിലവിൽ പിൻവലിക്കുന്നത്. പാഴ്സലുകൾ നൽകാൻ അനുമതിയുണ്ടാകും. ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതിയില്ല. എസി അല്ലാത്ത ബാർബർ ഷോപ്പുകൾ സാമൂഹ്യാകലം പാലിച്ച് തുറക്കാനായിരുന്നു തീരുമാനം. അത് പിൻവലിച്ചിട്ടുണ്ട്. അതേസമയം, ബാർബർമാർക്ക് വീടുകളിൽ പോയി മുടി വെട്ടാമെന്ന്, കേന്ദ്രാനുമതി പ്രകാരം സർക്കാർ വ്യക്തമാക്കുന്നു. ഇത് കേന്ദ്ര ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. 

സംസ്ഥാനത്ത് ബൈക്കിൽ രണ്ട് പേർക്ക് സഞ്ചരിക്കാം, ബന്ധുവാണെങ്കിൽ എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതും പിൻവലിക്കാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ബൈക്കിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാനാകൂ.

കാറുകളിലും, നാൽച്ചക്ര വാഹനങ്ങളിലും പിന്നിൽ രണ്ട് പേർക്ക് ഇരിക്കാമെന്ന നിബന്ധനയും പിൻവലിക്കും. പിന്നിൽ ഒരാൾ, മുന്നിൽ ഡ്രൈവർ എന്നായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്. അത് തന്നെ പാലിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.

അതേസമയം, വർക്ക് ഷോപ്പുകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ദേശീയപാതകളിലുള്ള ഹെവി ട്രക്ക് അടക്കമുള്ള വർക്ക് ഷോപ്പുകൾക്ക് നേരത്തേ തുറക്കാൻ അനുമതിയുണ്ട്. നിലവിൽ മറ്റ് വർക്ക് ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാനായിരുന്നു സംസ്ഥാന അനുമതി. ഇത് തുടരുന്ന കാര്യത്തിലാണ് വീണ്ടും സംസ്ഥാനം കേന്ദ്രത്തിന്‍റെ അനുമതി തേടുന്നത്. സംസ്ഥാനത്ത് പല മുൻസിപ്പാലിറ്റികളിലൂടെയും ദേശീയപാത കടന്നുപോകുന്നുണ്ട് എന്നതിനാൽ വർക്ക് ഷോപ്പുകൾ തുറക്കാൻ അനുമതി വേണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക.

click me!