
ദില്ലി: ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷമുള്ള കേരളത്തിലേക്കുള്ള ആദ്യ പാസഞ്ചർ ട്രെയിൻ ദില്ലി റെയിൽ വേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. 11:25ന് യാത്ര ആരംഭിച്ച ട്രെയിൻ വെള്ളിയാഴ്ച രാവിലെ അഞ്ചര മണിയോടെ തിരുവന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പുള്ളത്.
വെള്ളിയാഴ്ച വൈകിട്ട് 7: 45 ന് ഇതേ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് തിരിക്കും. ആഴ്ചയിൽ മൂന്ന് ദിവസമാണ് ദില്ലി - കേരള സർവ്വീസ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. എസി ട്രെയിനുകളാണ് ഇവയെല്ലാം. മറ്റ് സർവ്വീസുകൾ വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കർശന നിയന്ത്രണങ്ങൾ പാലിച്ചാണ് ട്രെയിനിൽ യാത്രക്കാരെ കയറ്റിയത്. റെയിൽവേ സ്റ്റേഷന് അര കിലോമീറ്റർ അകലത്ത് വച്ച് യാത്രക്കാരെത്തിയ വാഹനങ്ങൾ തടഞ്ഞു. കയ്യിൽ മാസ്കും സാനിറ്റൈസറും ഉള്ള യാത്രക്കാരെ മാത്രമാണ് സ്റ്റേഷനികത്തേക്ക് കയറാൻ അനുവദിച്ചത്
ട്രെയിനിനകത്ത് ഭക്ഷണ വിതരണം ഇല്ലെന്നതിനാൽ മൂന്ന് ദിവസത്തേക്കാവശ്യമായ ഭക്ഷണവും വെള്ളവും കയ്യിൽ കരുതിയാണ് ആളുകൾ യാത്രക്കായി എത്തിയത്. ചികിത്സയ്ക്കായി വന്ന് ലോക്ക് ഡൗൺ മൂലം ദില്ലിയിൽ കുടുങ്ങിപ്പോയവരും, ഗർഭിണികളും ആദ്യ യാത്രക്കാരിലുണ്ട്.
ചികിത്സ പൂർത്തിയാക്കി മടങ്ങേണ്ടിയിരുന്നതിന്റെ തൊട്ടു മുമ്പാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും രണ്ടര ലക്ഷം രൂപയോളം മാത്രം താമസത്തിന് മാത്രമായി കഴിഞ്ഞ 48 ദിവസം ചെലവഴിക്കേണ്ടി വന്നുവെന്നും യാത്രക്കാരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിന് പുറമേ ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്ന് ട്രെയിനുകൾ ഓടും. ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് യാത്ര ട്രെയിൻ സര്‍വ്വീസുകൾ തുടങ്ങിയിരിക്കുന്നത്.
അമ്പത് ദിവസത്തെ ലോക്ക് ഡൗണിനൊടുവില്‍ രാജ്യത്ത് ഇന്നലെയാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചത്. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ 1490 യാത്രക്കാരുമായി പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ കൂടി ഇന്നലെയുണ്ടായിരുന്നു.
രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമെ യാത്രക്ക് അനുവദിക്കൂ. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണം. എസി ട്രെയിനുകളായതിനാൽ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. സാധാരണ എസി ടിക്കറ്റുകൾക്ക് നൽകിയിരുന്നതിനെക്കാൾ കൂടുതൽ നിരക്ക് നൽകേണ്ടിവന്നു എന്ന പരാതികളും ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam