
ദില്ലി: രണ്ടാംഘട്ട ദേശീയ ലോക്ഡൗൺ അവസാനിക്കാൻ ഇനി മൂന്നു ദിവസം ശേഷിക്കെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് കേന്ദ്രത്തിൽ കൂടിയാലോചന തുടരുന്നു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഗ്രാമീണ മേഖലകളിലും പ്രശ്നബാധിതമല്ലാത്ത ജില്ലകളിലും കൂടുതൽ ഇളവ് നല്കുന്ന മാർഗ്ഗനിർദ്ദേശം പുറത്തിറക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി തന്നെ വേണം എന്ന സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്രം വിലയിരുത്തും. പ്രവാസികളുടെ രജിസ്ട്രേഷൻ എംബസികൾ തുടങ്ങിയിരുന്നു. ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായി നിരന്തരം സമ്പർക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലോക്ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം നിൽക്കേ, കേന്ദ്രനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കൂടുതൽ തീവ്രബാധിത മേഖലകൾ പ്രഖ്യാപിച്ച ശേഷം രോഗികളുടെ എണ്ണത്തിൽ കുറവ് വന്നത് ആശ്വാസകരമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി ചുരുങ്ങുകയും, രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിജാഗ്രത തുടരണമന്നും, ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ആയിരം കോടി കടമെടുക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 6ooo കോടി കടമെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് വീണ്ടും കടമെടുക്കാനുള്ള തീരുമാനം. ശമ്പളത്തിനും പെൻഷനുമായി 3500 കോടി വേണമെന്നിരിക്കെ കുറഞ്ഞത് 3,000 കോടി രൂപ കടമെടുക്കാതെ പിടിച്ചുനിൽക്കാനാകില്ല എന്നതാണ് നിലവിലെ സ്ഥിതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam