തീവണ്ടി സർവീസുകൾ മറ്റന്നാൾ മുതൽ തുടങ്ങുന്നു, നാളെ മുതൽ ബുക്കിംഗ്

By Web TeamFirst Published May 10, 2020, 9:03 PM IST
Highlights

ലോക്ക്ഡൗൺ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സർവീസുകൾ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിക്കുന്നത്. ദില്ലിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉൾപ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സർവീസുകളാണ് മറ്റന്നാൾ മുതൽ തുടങ്ങുന്നത്.

ദില്ലി: തെരഞ്ഞെടുത്ത തീവണ്ടി സർവീസുകൾ ചൊവ്വാഴ്ച മുതൽ തുടങ്ങാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. ലോക്ക്ഡൗൺ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സർവീസുകൾ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിക്കുന്നത്. ദില്ലിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉൾപ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സർവീസുകളാണ് മറ്റന്നാൾ മുതൽ തുടങ്ങുന്നത്. ഈ സർവീസുകളിലേക്ക് ഓൺലൈൻ വഴി നാളെ വൈകിട്ട് നാല് മണി മുതൽ ബുക്കിംഗ് തുടങ്ങും. ഓൺലൈൻ വഴി മാത്രമേ ഈ തീവണ്ടി സർവീസുകൾക്ക് ബുക്കിംഗുണ്ടാകൂ എന്നും റെയിൽവേ അറിയിച്ചു. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാൻ ആരും സ്റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ അറിയിക്കുന്നു. 

അതിഥിത്തൊഴിലാളികൾക്കായി ശ്രമിക് തീവണ്ടികൾ ഏർപ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യൻ റെയിൽവേ കൂടുതൽ തീവണ്ടികൾ ഏർപ്പെടുത്തുന്നത്. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓൺലൈൻ ബുക്കിംഗ് നടത്തുക. 15 തീവണ്ടികളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക എന്ന് റെയിൽവേ അറിയിച്ചു. ദിബ്രുഗഢ്, അഗർത്തല, ഹൗറ, പട്ന, ബിലാസ്പൂ‍ർ, റാഞ്ചി, ഭുബനേശ്വർ, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാകും ട്രെയിൻ സ‍ർവീസുകൾ.

ഇതിന് ശേഷവും ലഭ്യമായ കോച്ചുകൾ ഉപയോഗിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ തുടങ്ങുമെന്നും കേന്ദ്രറെയിൽവേ മന്ത്രാലയം പറയുന്നു. നിലവിൽ 20,000 കോച്ചുകളെ കൊവിഡ് കെയർ സെന്‍ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയിൽവേ. മാത്രമല്ല, 300 തീവണ്ടികൾ ശ്രമിക് സ്പെഷ്യൽ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികൾക്ക് വേണ്ടി മാത്രമുള്ളതാണ്.

ഓൺലൈൻ വഴി എടുത്ത ടിക്കറ്റുകൾ ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. എല്ലാ യാത്രക്കാരും മുഖത്ത് മാസ്കുകൾ ധരിക്കണമെന്ന് നി‍ർബന്ധമാണ്. യാത്ര തുടങ്ങുന്ന ഇടത്ത് കൃത്യമായ പരിശോധനകളുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. 

ഏതൊക്കെ തീവണ്ടികൾ എന്ന് യാത്ര തുടങ്ങുമെന്നതിൽ വിശദമായ വാർത്താക്കുറിപ്പ് പിന്നീട് ഇറക്കുമെന്നും റെയിൽവേ അറിയിക്കുന്നു. ലോക്ക്ഡൗൺ കാലത്ത് നിർണായകതീരുമാനമാണ് റെയിൽവേ സ്വീകരിക്കുന്നത്. 

click me!