ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പതിവ് പോലെ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഈ യോഗം നടക്കുക. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. ഗുരുതരമായ രീതിയിൽ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
ഏഴ് ദിവസം മാത്രമേ നിലവിലുള്ള ലോക്ക്ഡൗൺ കാലയളവ് അവസാനിക്കാൻ ബാക്കിയുള്ളൂ. മൂന്നാം ലോക്ക്ഡൗൺ വീണ്ടും നീട്ടണോ എന്ന കാര്യത്തിൽ ഈ നിർണായകയോഗത്തിലെ അഭിപ്രായങ്ങൾ കൂടി വിലയിരുത്തിയാകും കേന്ദ്രസർക്കാർ തീരുമാനമെടുക്കുക. നിലവിൽ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആശങ്കാകരമായ വർദ്ധന തന്നെയാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങൾ നിലവിലുള്ള റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകളുടെ വിഭജനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയെന്നാണ് സൂചന. കുടിയേറ്റത്തൊഴിലാളികൾ കൂടി തിരികെ വരുന്നതോടെ, നിലവിൽ ഗ്രീൻ സോണിലുള്ള നിരവധി പ്രദേശങ്ങൾ ഓറഞ്ചോ റെഡ് സോണിലേക്കോ തന്നെ മാറാൻ സാധ്യതയുണ്ടെന്ന് മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. റെഡ് സോണുകളായ നഗരങ്ങളിൽ നിന്നാണ് കുടിയേറ്റത്തൊഴിലാളികൾ ട്രെയിൻ മാർഗവും നടന്നും, റോഡ് മാർഗവും നിലവിൽ നാടുകളിലേക്ക് പോകുന്നത്. ഇങ്ങനെ കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുപോകുന്നതും, പൊതുഗതാഗതം അങ്ങനെ ചെറിയ രീതിയിലെങ്കിലും പുനഃസ്ഥാപിക്കുന്നതും രാജ്യം സാധാരണ നിലയിലാകുന്നതിനെ ചെറുക്കുമെന്നും, ഇതിൽ പുനഃപരിശോധന വേണമെന്നും നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
അതിനാൽ നിലവിലെ സോൺ നിശ്ചയിക്കൽ രീതിയിൽ തന്നെ മാറ്റങ്ങൾ വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവിൽ ഗ്രീൻ സോണായ ഇടത്ത് ക്വാറന്‍റീൻ കേന്ദ്രങ്ങളുണ്ടെങ്കിൽ അവയെ റെഡ് സോണായി പ്രഖ്യാപിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ പറയുന്നത്. എന്നാൽ സോണുകളുടെ കാര്യത്തിൽ നിലവിൽ വ്യത്യാസം വരുത്തുന്നതിൽ യോഗത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.
അതേസമയം, അതിഥി തൊഴിലാളികൾക്ക് നൂറു ട്രെയിനുകൾ വരെ പ്രതിദിനം ഓടിക്കാൻ ഇന്നത്തെ യോഗത്തിൽ ധാരണയായിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികളെയും കൊണ്ടുള്ള തീവണ്ടികൾ പശ്ചിമബംഗാൾ സർക്കാർ കടക്കാൻ അനുവദിക്കാതിരിക്കുന്നതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. ബംഗാൾ വഴിയടച്ചതോടെ അസമിലേക്കും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും തീവണ്ടികളോടിക്കാനാകുന്നില്ല. ഇത് മൂലം കേരളത്തിൽ നിന്ന് അടക്കമുള്ള അതിഥിത്തൊഴിലാളികൾക്ക് വേണ്ടി അനുമതി ലഭിച്ച സിൽച്ചാറിലേക്കുള്ള രണ്ട് തീവണ്ടികൾക്ക് അടക്കം സർവീസ് തുടങ്ങാനുമായിട്ടില്ല.
തത്സമയസംപ്രേഷണം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam