'കൊവിഡ് സ്ഥിരീകരിച്ചത് ഇവിടെ അടുത്താ', പരിഭ്രാന്തിയിൽ ഹൈദരാബാദിലെ മലയാളികൾ

Published : Mar 26, 2020, 11:10 AM ISTUpdated : Mar 26, 2020, 11:36 AM IST
'കൊവിഡ് സ്ഥിരീകരിച്ചത് ഇവിടെ അടുത്താ', പരിഭ്രാന്തിയിൽ ഹൈദരാബാദിലെ മലയാളികൾ

Synopsis

ഹൈദരാബാദിലെ ഗച്ചിബൌലിയിൽ പേയിംഗ് ഗസ്റ്റുകളായും ഹോസ്റ്റലിലും താമസിക്കുന്നവരാണ് ഭീതിയിലായിരിക്കുന്നത്. ഇവർക്ക് തിരികെ വരാനായിട്ടില്ല. ഇവരോട് ആദ്യം പുറത്തുപോകണമെന്ന് പിജി അധികൃതർ പറഞ്ഞതായാണ് വിദ്യാർത്ഥികളടക്കമുള്ളവർ പറയുന്നത്. 

ഹൈദരാബാദ്: രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലും മലയാളികൾ ഉൾപ്പടെയുള്ളവരോട് പുറത്തുപോകാൻ ഹൈദരാബാദിലെ പേയിംഗ് ഗസ്റ്റ് അധികൃതരും ഹോസ്റ്റലധികൃതരും ആവശ്യപ്പെട്ടതായി പരാതി.  തൊട്ടടുത്ത സ്ഥലത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടും, ഇവരോട് പുറത്തുപോകാനാണ് ഇന്നലെ വൈകിട്ട് വരെ ഹോസ്റ്റൽ/ പിജി അധികൃതർ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പിജികളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും ആളുകളെ ഇറക്കി വിട്ടാൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഡിജിപി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇറങ്ങിപ്പോകാനുള്ള സമ്മർദ്ദം തൽക്കാലം അവസാനിച്ചത്. എങ്കിലും പിജി അധികൃതരും ഹോസ്റ്റലുകാരും സാധനങ്ങളും കുടിവെള്ളവും കിട്ടുന്നില്ല ഇപ്പോഴും പറയുന്നതെന്നാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരുമായി എഴുപതോളം മലയാളികൾ ഹൈദരാബാദിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർ ഇത്തരത്തിൽ സന്ദേശങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഹൈദരാബാദിലെ കേരളസമാജം പ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സഹായങ്ങളുമെത്തിക്കാമെന്ന് കേരള സമാജം ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 

സാധനങ്ങൾ പുറത്തിറങ്ങി ഒരുമിച്ച് വാങ്ങിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മണിക്കൂറുകൾ ക്യൂ നിൽക്കണം. സാധനങ്ങൾക്കെല്ലാം ഇരട്ടി വിലയാണ്. നിത്യോപയോഗസാധനങ്ങൾ പലതിനും ഹൈദരാബാദ് നഗരത്തിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് ഇവർ പറയുന്നു. 

ഇവരിൽ പലരും മാർച്ച് 30-ന് ശേഷം നാട്ടിലേക്ക് പോകാനിരുന്നവരാണ്. തിങ്കളാഴ്ച നാട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ബസ്സുകൾ ഓടിയില്ല. പിന്നാലെ ബന്ദിപ്പൂരടക്കം അതിർത്തികൾ അടച്ചതായും വാർത്തകൾ വന്നു. അങ്ങനെ പലരും കുടുങ്ങി. 

ഗച്ചിബൌലിയിൽ ഇവരിൽ പലരും താമസിക്കുന്നതിന് ഒരു കിലോമീറ്റർ അപ്പുറത്ത് രോഗം സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ്. ഇവരിൽ ചിലരെങ്കിലും നിലവിൽ നിരീക്ഷണത്തിലാണ്. എന്തെങ്കിലും അത്യാവശ്യത്തിന് വിളിച്ചാൽ ആര് വരുമെന്ന് അറിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആശുപത്രികളിൽ സൌകര്യങ്ങളില്ല. വൃത്തിഹീനമാണ് പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും. കേരളത്തിലെ ഒരു സൌകര്യങ്ങളും ഇവിടെയില്ല എന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ