കൊവിഡ് ബാധിതരുടെ എണ്ണം കൂടി; അയോധ്യയില്‍ രാമനവമി ആഘോഷം ഒഴിവാക്കി

By Web TeamFirst Published Mar 21, 2020, 6:31 PM IST
Highlights

അയോധ്യ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ തുടര്‍ന്ന് അയോധ്യയില്‍ ഞായറാഴ്ച നടത്താനിരുന്ന പ്രത്യേക പൂജയും മാറ്റിവെച്ചു.
 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അയോധ്യയിലെ രാമനവമി ആഘോഷം റദ്ദാക്കാന്‍ തീരുമാനിച്ചു. ഭക്തരോട് അയോധ്യയിലേക്ക് വരരുതെന്ന് രാം ജന്മഭൂമി ന്യാസ് അധികൃതര്‍ അറിയിച്ചു. ആഘോഷങ്ങള്‍ക്ക് ഭക്തജനങ്ങള്‍ എത്തേണ്ടതില്ലെന്ന് ശ്രീരാമ ജന്മഭൂമി തിര്‍ഥ് ക്ഷേത്ര ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. ഏപ്രില്‍ രണ്ടിന് നടക്കേണ്ടിയിരുന്ന രാമ നവമി മേളയും ഒഴിവാക്കി. ഒമ്പത് ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങള്‍ മാര്‍ച്ച് 25 മുതല്‍ ആരംഭിച്ച് ഏപ്രില്‍ രണ്ട് വരെ നീളുന്നതായിരുന്നു.

നേരത്തെ ആഘോഷങ്ങള്‍ മാറ്റിവെക്കില്ലെന്ന് രാം ജന്മഭൂമി ന്യാസ് അറിയിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 33 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്. ആഘോഷങ്ങള്‍ നടത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. 15 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷമാണ് അയോധ്യയിലെ നവരാത്രി.  

കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അയോധ്യയിലേക്ക് രാമനവമി ആഘോഷങ്ങള്‍ക്ക് ഭക്തര്‍ എത്തേണ്ടതില്ല.നമ്മുടെ സ്വന്തം വീടുകളില്‍ രാമനവമി ആഘോഷിക്കാം. വലിയ ആളുകള്‍ ഒത്തുകൂടുന്ന രീതിയില്‍ അയോധ്യയില്‍ ആഘോഷം വേണ്ട. ദേശീയ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. നമ്മള്‍ പ്രതിസന്ധിയിലാണ്. കൊവിഡിനെതിരെയുള്ള സര്‍ക്കാറിന്റെ പോരാട്ടത്തിന് മുഴുവന്‍ പിന്തുണയും നല്‍കാം-ശ്രീരാമ ജന്മഭൂമി തിര്‍ഥ് ക്ഷേത്ര  പിന്തുടര്‍ച്ചാവകാശി മഹന്ത് കമല്‍ നയന്‍ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

അയോധ്യ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ തുടര്‍ന്ന് അയോധ്യയില്‍ ഞായറാഴ്ച നടത്താനിരുന്ന പ്രത്യേക പൂജയും മാറ്റിവെച്ചു. 25ന് യോഗി ആദിത്യനാഥ് പൂജയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. അയോധ്യയില്‍ ആളുകള്‍ തടിച്ചുകൂടരുതെന്ന് വിഎച്ച്പിയും ആവശ്യപ്പെട്ടു.
 

click me!