Latest Videos

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു; കൂടുതൽ ലാബുകൾക്ക് പരിശോധന നടത്താൻ അനുമതി

By Web TeamFirst Published Jul 2, 2020, 9:55 AM IST
Highlights

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യയിപ്പോൾ. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയിട്ട് ഇന്ന് നൂറ് ദിവസം പൂർത്തിയാവുന്ന ദിവസം തന്നെയാണ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടക്കുന്നത്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇത് വരെ 6,04,641 പേർക്കാണ് രാജ്യത്ത് കൊവി‍‍ഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവിൽ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. 5 ലക്ഷത്തിൽ നിന്ന് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിൽ എത്താൻ എടുത്തത് നാല് ദിവസം മാത്രമാണ്.

 

2,26,947 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒടുവിൽ പുറത്തിറക്കിയ കണക്ക്. ഇത് വരെ 3,59,860 പേർ രോഗമുക്തി നേടിയെന്നാണ് കണക്ക്. രാജ്യത്തെ രോഗമുക്തി നിരക്ക് 59.51 ശതമാനമാണ്. 

രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ രാജ്യത്തെ പരിശോധനകളുടെ എണ്ണം 90 ലക്ഷം കടന്നു. ഇത് വരെ 90,56,173 സാമ്പിൾ പരിശോധനകൾ നടത്തിയെന്നാണ് കണക്ക്. 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരിശോധനകൾ അടിയന്തരമായി വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിർദ്ദേശം നൽകിയിരിക്കുകയാണ്. പരിശോധനക്ക് കുറിപ്പടി നൽകാൻ സ്വകാര്യ ഡോക്ടർമാരെയും അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ആർടിപിസിആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം.

രാജ്യത്ത് ഇതുവരെ 1,056 ലാബുകൾക്ക് കൊവിഡ് പരിശോധനക്കുള്ള അനുമതി നൽകിയെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ഇതിൽ 764 എണ്ണം പൊതു വിഭാഗത്തിലും 292 എണ്ണം സ്വകാര്യ ലാബുകളുമാണ്. 

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയിട്ട് ഇന്ന് നൂറ് ദിവസം പൂർത്തിയാവുന്ന ദിവസം തന്നെയാണ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടക്കുന്നത്. മാർച്ച് 25നാണ് രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രാജ്യത്ത് 550 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. 

click me!